മധ്യപ്രദേശിനെ നടുക്കിയ സാഗർ ജില്ലയിലെ സീരിയൽ കില്ലർ ഒടുവിൽ പോലീസ് പിടിയിലായി. 19 വയസ് മാത്രം പ്രായമുള്ള ശിവപ്രസാദിനെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അഞ്ചു ദിവസത്തിനിടെ ഇയാൾ 4 സെക്യൂരിറ്റി ജീവനക്കാരനാണ് അതി ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പോലീസ് പിടികൂടുന്നതിന് തൊട്ടു മുൻപും ഇയാൾ ഒരു കൊലപാതകം നടത്തിയിരുന്നു.
പ്രത്യേകിച്ച് മോട്ടീവ് ഒന്നുമില്ലാതെ കൊല നടത്തിയ ഇയാൾ പറയുന്നത് തനിക്ക് സൂപ്പര്‍ ഹിറ്റായ കെ ജി എഫ് എന്ന ചിത്രത്തിലെപ്പോലെ പ്രശസ്തനായ ഒരു ഗ്യാങ്സ്റ്റർ ആയി പേരെടുക്കണം എന്നാണ്. വരും ദിവസങ്ങളില്‍ പോലീസുകാരെ കൊലപ്പെടുത്താനും ഇയാൾ ലക്ഷ്യമിട്ടിരുന്നു. പ്രശസ്തി നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ ഉറങ്ങിക്കിടന്ന കാവൽക്കാരെ കണ്ടെത്തി കൊലപ്പെടുത്തിയത്.
എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ശിവപ്രസാദ് ഗോവയിലാണ് ജോലി ചെയ്തിരുന്നത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞത്.
മൂന്നു ദിവസത്തിനിടെ മൂന്ന് കാവൽക്കാർ കൊല ചെയ്യപ്പെട്ടതോടെ ഇതിന്റെ പിന്നിൽ ഒരു സീരിയൽ കില്ലർ ആണെന്ന് പോലീസ് ഊഹിച്ചു. പിന്നീട് പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു രേഖ ചിത്രവും പുറത്തുവിട്ടു.
ഇയാളുടെ ആക്രമണത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞത്. ഒരു തെളിവും ഇല്ലാതിരുന്ന കേസ്സില്‍ ഇതോടെയാണ് ഒരു തുമ്പ് ഉണ്ടായത്. കുപ്രസ്സിദ്ധി നേടിയ റിപ്പർ കൊലകളിലെപ്പോലെ ഉറങ്ങി കിടന്നിരുന്നവരെ ചുറ്റികയോ കല്ലോ ഉപയോഗിച്ച് തലയ്ക്ക് അടിച്ചു തലയോട്ടി തകര്‍ത്താണ് ഇയാൾ കൊലപ്പെടുത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.