ഓണം ആഘോഷിക്കുന്നതിന് ജോലി ഒഴിവാക്കി കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യ കൂമ്പാരത്തിൽ വലിച്ചെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാർ കുറ്റക്കാരാണെന്ന് റിപ്പോർട്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ എട്ടു ശുചീകരണ തൊഴിലാളികളാണ് ഓണസദ്യ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചത്.
ഓണസദ്യ ഏറോബിക് ബിന്നിലേക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോ വലിയ തോതിൽ പ്രചരിച്ചതോടെ ജീവനക്കാര്‍ക്കെതിരെ സമൂഹ മാധ്യമത്തിലാടക്കം പ്രതിഷേധം ശക്തമായി. ഇത് ശ്രദ്ധയിൽപ്പെട്ട ആരോഗ്യ സ്റ്റാൻഡിൽ കമ്മിറ്റി അധ്യക്ഷ റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് തൊഴിലാളികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
നേരത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി ചാല ഹെൽത്ത് സർക്കിളിലേക്ക് എത്തിയ തൊഴിലാളിയാണ് ഈ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത്. നിർദ്ദേശത്തെ കാറ്റിൽ പറത്തി ആഘോഷം നടത്താൻ ശ്രമം നടത്തിയത് ഒരിക്കലും അംഗീകരിക്കാൻ ആവുന്ന കാര്യമല്ലെന്നും ആഹാരം വലിച്ചെറിഞ്ഞത് അക്ഷന്തവ്യമായ തെറ്റാണെന്നും സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ പ്രധാന ഓഫീസുകളിൽ പ്രവർത്തനത്തെ ബാധിക്കാതെ വേണം ഓണാഘോഷം നടത്തേണ്ടത് എന്ന് സെക്രട്ടറി നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു. ഇത് ചെവിക്കൊള്ളാന്‍ പലരും തയ്യാറായില്ല. തുടര്‍ന്നു ഓണാഘോഷം രാവിലെ തന്നെ തുടങ്ങാൻ ചില തൊഴിലാളികൾ ശ്രമിച്ചപ്പോൾ ജോലി കഴിഞ്ഞ് മതി എന്നതായിരുന്നു ഹെൽത്ത് ഇൻസ്പെക്ടർ നിർദ്ദേശിച്ചത്. ഈ നിർദ്ദേശം ജീവനക്കാർ ഉൾക്കൊണ്ടില്ല. ശുചീകരണ ജോലി കഴിഞ്ഞ് എത്തിയ ഒരു വിഭാഗം സി ഐ ടിയു ജീവനക്കാരാണ് മുപ്പതോളം പേർക്ക് കഴിക്കുന്നതിനുള്ള ഭക്ഷണം നശിപ്പിച്ചത്. ഓണാഘോഷം ഉദ്യോഗസ്ഥർ തടഞ്ഞതിനുള്ള പ്രതിഷേധമാണ് ഇതെന്നായിരുന്നു ഇവരുടെ വാദം. അതേസമയം യൂണിയനിലെ പ്രവർത്തകർക്കിടയിലുള്ള ചേരിപ്പോരാണ് ഇങ്ങനെ പ്രവർത്തിക്കാൻ തൊഴിലാളികളെ പ്രേരിപ്പിച്ചത് എന്നാണ് ഒരു വിഭാഗം പറയുന്നത്.