പുലർച്ചെ മുതൽ കലൂർ ജോലിക്കായി കാത്തു നിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കൈവശം കവറുകളിൽ മാങ്കോ ഫൂട്ടി. കട തുറക്കുന്നതിന് മുമ്പ് ഇവരുടെയൊക്കെ കൈവശം എങ്ങനെ ഫ്രൂട്ടി എത്തി എന്നത് അധികൃതരെ കുഴക്കി. ഒടുവിൽ ഇതിന് പിന്നിലെ യഥാർത്ഥ കാരണം തേടി ഇറങ്ങിയ എക്സൈസ് ഉദ്യോഗസ്ഥർ ചെന്നെത്തിയത് മണപ്പാട്ടി പറമ്പിൽ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന തമിഴ്നാട് സ്വദേശിയായ പാൽപ്പാണ്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മുത്തുപാണ്ടിയുടെ വീട്ടിലാണ്. എവിടെ നിന്നാണ് അതിരാവിലെ ഫ്രൂട്ടി സപ്ലൈ ചെയ്യുന്നതെന്ന അന്വേഷിച്ച ഉദ്യോഗസ്ഥരാണ് ഇത് കണ്ടെത്തിയത്.
പാൽപ്പാണ്ടിയും ഭാര്യയും ചേർന്ന് മാംഗോ ജ്യൂസ് പോലെ കലക്കി കുപ്പിയിൽ അടച്ചു വിറ്റിരുന്നത് നല്ല ഒന്നാന്തരം ജവാൻ. ഒരു കുപ്പി ഉള്ളിൽ ചെന്നാൽ ജവാൻ അതിന്‍റെ പവർ കാണിച്ചു തുടങ്ങും. ബിവറേജിൽ നിന്ന് ലഭിക്കുന്ന ജവാൻ പോലെയുള്ള വിലകുറഞ്ഞ മദ്യം വാങ്ങി അതിൽ മഞ്ഞപ്പൊടിയും ചില ലൊട്ടു ലുടുക്ക് വിദ്യകളും ചേർത്താണ് പാൽപ്പാണ്ടി തന്റെ സ്പെഷ്യൽ എനർജി ഡ്രിങ്ക് ഉണ്ടാക്കിയിരുന്നത്. ഒരു കുപ്പിക്ക് 50രൂപയാണ് പാൽപ്പാണ്ടി ഈടാക്കിയിരുന്നത്.
കെട്ടിട നിർമ്മാണത്തിനായി തൊഴിലാളികളെ നൽകുന്ന കരാറുകാരനാണ് പാൽപ്പാണ്ടി. ഇയാൾ തന്റെ എനർജി ഡ്രിങ്ക് വില്പന ആരംഭിച്ചിട്ട് അധികനാൾ ആയിട്ടില്ല. ആവശ്യക്കാരെ നേരിൽകണ്ടാണ് സാധനം കൈമാറുന്നത്.
പുലർച്ചെ നഗരത്തിൽ ഇറങ്ങി ആളുകൾ ഉപേക്ഷിക്കുന്ന ഫ്രൂട്ടിയുടെയും മറ്റ് ശീതള പാനീയങ്ങളുടെയും കുപ്പികൾ ശേഖരിച്ച് കഴുകി വൃത്തിയാക്കുന്നു. കുപ്പിയുടെ സ്റ്റിക്കർ നീക്കം ചെയ്യാറില്ല. മിക്സ് ചെയ്ത മദ്യം കണ്ടാൽ ജ്യൂസ് ആണെന്നേ തോന്നുകയുള്ളൂ. ഏതായാലും കൂട്ടറിയാന്‍ പാൽപ്പാണ്ടിയുടെ കയ്യിൽ നിന്നും പിടികൂടിയ മദ്യം ലാബിലേക്ക് അയച്ചിരിക്കുകയാണ്.