എന്റെ കുഞ്ഞിന് ഓണക്കോടി വാങ്ങണം; ജോലി ചെയ്തതിന്റെ കൂലി മതി കൂപ്പൺ വേണ്ട; കെഎസ്ആർടിസി ജീവനക്കാരന്റെയും കുടുംബത്തിന്റെയും നിൽപ്പു സമരം
ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ജീവിതം ആകെ പ്രതിസന്ധിയിലായ കെ എസ് ആർ ടി സി ജീവനക്കാരൻ കാട്ടാക്കടയിൽ കുടുംബത്തിന്റെ ഒപ്പം നിൽപ്പ് സമരം നടത്തി. രോഗബാധിതനായ ഗോപീഷും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഈ സമരം നടത്തിയത്. കഴിഞ്ഞ രണ്ടു മാസത്തോളമായി ശമ്പളം കിട്ടാത്തതിനാൽ മരുന്നിനും ജീവിത ചിലവിനും വല്ലാതെ ബുദ്ധിമുട്ടുകയാണ് ഇദ്ദേഹം. കെ എസ് ആർ ടി സിയിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം തൊഴിലാളികളുടെയും സ്ഥിതി ഇതാണെന്ന് ഗോപിഷ് പറയുന്നു. എന്നാൽ സർക്കാരിനെയും യൂണിയനുകളെയും ഭയന്ന് സംഘടനകൾ മൗനം പാലിക്കുകയാണ്. കുട്ടിയുടെ പഠനത്തിനും വീടിന്റെ വാടകയ്ക്കും മറ്റുമായി വലിയൊരു തുക എല്ലാ മാസവും ആവശ്യമായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു മാസമായി ഇത് മുടങ്ങിയിരിക്കുന്നതിനാൽ വല്ലാത്ത സമ്മർദ്ദം അനുഭവിക്കുകയാണ്. കെ എസ് ആർ ടി സിയിലെ ജീവനക്കാരൻ ആണെന്ന് കണ്ടാൽ ആരും കടം പോലും തരാറില്ല ഇപ്പോള്‍. സ്ഥിതിഗതികള്‍ മോശമാണ്. ഇതിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ താനും കുടുംബവും നിരാഹാര സമരം ആരംഭിക്കുമെന്നും ഗോപിഷ് പറഞ്ഞു.
അതേസമയം മുടങ്ങി കിടക്കുന്ന കെ എസ് ആർ ടി സി ജീവനക്കാരുടെ ജൂലൈ മാസത്തെ 75% ത്തോളം ശമ്പളം വിതരണം ചെയ്തിരുന്നു. ഇതിനായി മാത്രം 55 കോടി 87 ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്നു രൂപ നൽകി. ഇതിൽ തന്നെ ഏഴു കോടിയോളം രൂപ കെ എസ് ആർ ടി സിയുടെ ഫണ്ടിൽ നിന്നുമാണ് കൊടുത്തത്. ഉടൻ തന്നെ ബാക്കി ശമ്പളം ഉടൻ നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തൊഴിൽ മന്ത്രിയും വിളിച്ചു ചേർത്ത യോഗത്തിൽ ഉറപ്പു നൽകി.