മോഷണത്തിലൂടെ കോടികൾ സമ്പാദിച്ചു പലരെയും കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഇത്തരത്തിൽ കാസർഗോഡ് ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയ ഒരു കള്ളനെ നാട്ടുകാർ കൂടി പിടിച്ച് പോലീസ് ഏൽപ്പിച്ചിരുന്നു. ഈ കള്ളന്റെ പേരിൽ കോടികളുടെ ആസ്തിയാണ് ഉള്ളതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇട്ടമ്മൽ മസ്ജിദിന് അടുത്തുള്ള ജലാൽ മൊയ്‌ദീനിന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ ഒടുവിൽ പോലീസ് പിടിയിലാവുകയായിരുന്നു. ചെറുപ്പളശ്ശേരി ചക്കിങ്ങൽ തൊടി നൗഷാദ് എന്ന 40കാരനാണ് പോലീസ് പിടിയിലായത്. ഇയാൾ പാലക്കാട് ജില്ലയിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.
സംഭവ ദിവസം വെളുപ്പിന് മൊയ്തീന്റെ വീട്ടിൽ കടന്ന നൗഷാദ് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെയും കുട്ടികളുടെയും കാലിലെ പാദസരം ഊരി മാറ്റാൻ ശ്രമിച്ചു. പെട്ടെന്ന് മകൾ ഞെട്ടി ഉണർന്ന് ബഹളം വച്ചു. ഇതോടെ വീട്ടിലുള്ള മറ്റുള്ളവരും ഉണർന്നു. ഇതോടെ മോഷ്ടാവ് വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓടി. പിന്നീട് സംഭവം അറിഞ്ഞ് നാട്ടുകാർ ഓടിക്കൂടി. ശേഷം ഒരു കിലോമീറ്ററോളം ദൂരം ഇയാളെ പിന്തുടർന്നാണ് പിടികൂടിയത്. നാട്ടുകാർ തന്നെ ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
നൗഷാദ് പാലക്കാട് ജില്ലയിൽ വളരെ കുപ്രസ്സിദ്ധി ആർജ്ജിച്ച മോഷ്ടാവാണെന്ന് പോലീസ് പറയുന്നു. ഇയാളുടെ പേരിൽ ഒന്നരക്കോടിയിൽ അധികം വില വരുന്ന രണ്ട് ആഡംബര വീടുകൾ ഉണ്ട്. ഇയാൾ കൈയിൽ ഗ്ലൗസ് ധരിച്ചു മാത്രമേ മോഷണത്തിന് ഇറങ്ങാറുള്ളൂ. അതുകൊണ്ടുതന്നെ ഇയാളുടെ വിരലടയാളം കിട്ടാറില്ല. മാത്രമല്ല മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. മോഷണ മുതൽ ഗ്ലൗസിനുള്ളിൽ സൂക്ഷിക്കുന്നതാണ് രീതി. കാസർഗോട്ടുള്ള വീട്ടിൽ നിന്ന് 5 പവന്റെ പാദസരം ഇയാൾ മോഷ്ടിച്ചിരുന്നു. മകളുടെ കാലിൽ നിന്നും സ്വർണാഭരണം അഴിച്ചു മാറ്റുന്നതിനിടെയാണ് കുട്ടി ഉണർന്നതും പിടിയിലാകുന്നതും.
സാധാരണയായി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള വീടുകളിലാണ് ഇയാൾ മോഷണം നടത്താറുള്ളത്. പകൽ സമയം വിഗ് ധരിച്ചാണ് സഞ്ചാരം. ആളെ തിരിച്ചറിയാൻ കഴിയില്ല. രാത്രി സമയം മോഷണത്തിന് ഇറങ്ങുന്നതാണ് ഇയാളുടെ പതിവ്.