ഒരു ദുരന്ത മുഖത്ത് അപ്രതീക്ഷിതമായി എത്തപ്പെടുമ്പോഴാണ് നമ്മുടെ മനോധൈര്യം നമ്മൾ പോലും തിരിച്ചറിയുന്നത്. പലപ്പോഴും സാഹചര്യങ്ങളാണ് ഒരു മനുഷ്യന്‍റെ ഉള്ളില്‍ ധീരനായ മറ്റൊരു മനുഷ്യന്‍റെ ജനനത്തിന് കാരണം. പ്രത്യേകിച്ച് സ്ത്രീകളില്‍. ഒരു കുട്ടി ജനിക്കുമ്പോൾ ഒരു അമ്മ കൂടി ജനിക്കുന്നു. ഒരു സ്ത്രീ അമ്മയായി മാറുമ്പോൾ തന്റെ കുട്ടികളെ രക്ഷിക്കാൻ അന്നോളം ഇല്ലാത്ത ധൈര്യം അവളിലേക്ക് വന്നു ചേരുന്നു. ഇവിടെ അത്തരം ഒരു അമ്മയുടെ ധൈര്യപൂർവ്വമായ നടപടി കടുവയിൽ നിന്നും 15 മാസം പ്രായമുള്ള കുട്ടിയുടെ ജീവൻ രക്ഷിച്ചു. സംഭവം നടന്നത് മധ്യപ്രദേശിലെ ഉമരിയ എന്ന ജില്ലയിലാണ്.
അർച്ചന ചൗദരിയെന്ന യുവതിയാണ് മകൻ രവി രാജിനെ കടുവയുടെ കൈകളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. അതി സാഹസികമായി മകനെ രക്ഷിക്കുന്നതിനിടയിൽ അമ്മയെയും കടുവ ആക്രമിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ബഹളം കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാർ കടുവയെ വനത്തിലേക്ക് ഓടിച്ചു വിട്ടു.
ബാന്തവു ഗഡ് എന്ന കടുവാ സങ്കേതത്തിന് അടുത്ത് വച്ചാണ് കുട്ടിയെ കടുവ കടിച്ചെടുത്തു കൊണ്ടു പോയത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി കടുവയെ നേരിട്ടു. കടുവയുടെ താടിയെല്ലിൽ പിടിച്ച് മൽപ്പിടുത്തം നടത്തുന്നതിനിടെ യുവതിയുടെ അരയ്ക്കും കൈക്കും മുതുകിനും പരുക്ക് പറ്റിയിട്ടുണ്ട്. കടുവയുടെ ആക്രമണത്തിൽ യുവതിയുടെ മകന്റെ തലയ്ക്കും മുതുകിനും പരിക്കേറ്റു.
യുവതിയെയും കുട്ടിയും ആശുപത്രിയിൽ ചികിത്സയിലാണ്. കടുവ സംഗേതത്തിന് പരിസരത്ത് താമസിക്കുന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഫോറസ്റ്റിന്‍റെ ഭാഗത്തു നിന്നും സ്വീകരിക്കുമെന്ന് അധികൃതര്‍ പറയുന്നു.