മദ്യപിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനിടെ സർക്കാർ സ്കൂളിലെ അധ്യാപികയെ അധികൃതർ പിടി കൂടി. ഇവരുടെ ക്ലാസ് മുറിക്കുള്ളിലെ മേശയിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി. മാംഗ്ലൂരിൽ ഉള്ള സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപികയായ ഗംഗാ ലക്ഷ്മിയെയാണ് അധികൃതർ കയ്യോടെ പിടികൂടിയത്. ഇവരെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ 25 വർഷത്തോളമായി ഇവർ ഇതേ സ്കൂളിലെ അധ്യാപികയാണ്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഗംഗാലക്ഷ്മി മദ്യത്തിന് അടിമയാണ്. മിക്കപ്പോഴും മദ്യപിച്ചു കൊണ്ടാണ് ഇവർ പാഠങ്ങൾ പഠിപ്പിച്ചിരുന്നത്. പതിവായി മദ്യപിച്ച് സ്കൂളിൽ എത്തുന്ന ഇവർ കുട്ടികളെ മർദ്ദിക്കുകയും അകാരണമായി ശകാരിക്കുകയും ചെയ്യുന്നത് പതിവായി. കൂടാതെ ഇവർ മറ്റ് സഹപ്രവർത്തകരുമായി വഴക്കുണ്ടാക്കുന്നതും നിത്യ സംഭവമാണ്. ഇവരുടെ സ്വഭാവം മാറ്റാൻ രക്ഷിതാക്കളും അധ്യാപകരും പല ആവർത്തി പറഞ്ഞിരുന്നു എങ്കിലും അത് കൂട്ടാക്കാൻ ഇവർ തയ്യാറായില്ലന്നു മാത്രമല്ല ഈ നടപടി തുടരുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾ ചേർന്ന് ഇവര്‍ക്കെതിരെ പോലീസിനു പരാതി നൽകുകയും അധികാരികളുടെ മുന്നിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എല്ലാ ദിവസവും രാവിലെ മദ്യപിച്ചതിനു ശേഷമാണ് ഇവർ ക്ലാസ് എടുക്കാൻ എത്തുന്നത് എന്ന് കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍, ക്ലാസ് മുറിക്കുള്ളിൽ നിന്നും ഇവർ ഉപയോഗിക്കുന്ന മദ്യത്തിന്റെ കുപ്പികള്‍ കണ്ടെത്തി. അധികാരികൾ കയ്യോടെ പിടികൂടിയതോടെ ഇവർ ക്ലാസ്സിനുള്ളില്‍ വച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് അധികൃതര്‍ വിവരം അറിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ പോലീസ് ഇവരെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടു പോവുക ആയിരുന്നു.