പൊതുജനങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത നിരവധി യു എഫ് ഓകളുടെ വീഡിയോകൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ആയതുകൊണ്ട് ഇത് പുറത്തു വിടില്ലെന്നും അമേരിക്കൻ നേവി അറിയിച്ചു.
ആകാശത്തിലൂടെ പറക്കുന്ന തിരിച്ചറിയാത്ത വസ്തുക്കളെയാണ് യു എഫ് ഓ അല്ലെങ്കിൽ പറക്കും തളികകൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി കഥകൾ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഒരു ഏജൻസികളുടെയും ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇത് തികച്ചും സാങ്കല്പികം മാത്രം ആണെന്നാണ് ശാസ്ത്ര ലോകം പോലും പറഞ്ഞിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ യുഎസ് നേവിയുടെ ഭാഗത്തു നിന്നും സ്ഥിരീകരണം ഉണ്ടായത്.
എന്നാല്‍ യൂ എഫ് ഒകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വിടുന്നത് ദേശീയ സുരക്ഷയെ ബാധിക്കും എന്നതുകൊണ്ടാണ് പുറത്ത് വിടാത്തത്. ഈ വീഡിയോകൾ പുറത്ത് വിട്ടാൽ നേവിയുടെ പല പ്രവർത്തനങ്ങളും കഴിവുകളും ശത്രു രാജ്യങ്ങൾ മനസ്സിലാക്കാൻ ഇടയുണ്ട്, അതുകൊണ്ട് മാത്രമാണ് അതീവ രഹസ്യ സ്വഭാവമുള്ള ഈ വിവരങ്ങൾ പൊതുജനങ്ങൾക്കു നല്‍കത്തതെന്ന് നേവി പറയുന്നു.
രണ്ടു വർഷം മുൻപാണ് പറക്കും തളികകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് ബ്ലാക്ക് വോൾട്ട് എന്ന വെബ്സൈറ്റ് വിവരാവകാശ നിയമമനുസരിച്ച് അപേക്ഷ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ യു എഫ് ഓ കൾ ഉണ്ടെന്നും എന്നാൽ ഇത് പുറത്തു വിടാൻ കഴിയില്ല എന്നും നേവി സമ്മതിച്ചത്.
നിരവധി യു എഫ് ഓകളെ ആകാശത്ത് കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ ഒന്നിന്നും ഇതുവരെ വ്യക്തമായ സ്ഥിരീകരണം അധികൃത ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.