കണ്ണൂരിൽ വച്ച് ട്രെയിന് നേരെ ഉണ്ടായ കല്ലേറിൽ 12 വയസ്സ് കാരിക്ക് പരിക്കു പറ്റി. കുട്ടിയുടെ തലയ്ക്കാണ് പരിക്ക് പറ്റിയത്. കോട്ടയം സ്വദേശികളായ എസ് രാജേഷിന്റെയും രഞ്ജിനിയുടെയും മകൾ കീർത്തനയുടെ തലയ്ക്കാണ് കല്ലേറിൽ പരിക്ക് പറ്റിയത്. ട്രെയിനിൽ ഇരുന്നു പുറത്തെ കാഴ്ചകൾ കണ്ടിരിക്കുന്നതിനിടെയാണ് പെട്ടെന്ന് കീർത്തനയുടെ തലയിൽ കല്ല് പതിച്ചത്. ഉടൻ തന്നെ കുട്ടി ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് രക്ഷിതാക്കളുടെ അടുത്തേക്ക് എത്തി.അപ്പോഴേക്കും കുട്ടിയുടെ തലയിലും മുഖത്തുമായി ചോര ഒഴുകി തുടങ്ങിയിരുന്നു. കുട്ടിയുടെ ബഹളം കേട്ട് ടീ ടീ ആറും റെയിൽവേ ജീവനക്കാരും ഓടിയെത്തി. തുടർന്ന് യാത്രക്കാരില്‍ ആരോ ഒരാൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. അതേ സമയം ട്രെയിനിൽ ഉണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിനി കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകി. കുടുംബാംഗങ്ങളുടെ ഒപ്പം മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം തിരികെ കോട്ടയത്തേക്ക് മടങ്ങുമ്പോഴാണ് താഴെ ചൊവ്വയ്ക്കും എടക്കാട് റെയിൽവേ സ്റ്റേഷനും ഇടയിൽ വെച്ച് കുട്ടിയുടെ തലയിൽ കല്ല് പതിച്ചത്. ട്രെയിൻ തലശ്ശേരിയിൽ എത്തിയപ്പോൾ തന്നെ ആർപിഎഫും റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചു ചികിത്സ നൽകി. പിന്നീട് രാത്രി ഒന്‍പതേ കാലിനുള്ള മലബാർ എക്സ്പ്രസ്സിൽ കുടുംബം കോട്ടയത്തേക്ക് യാത്ര തിരിച്ചു.
കുട്ടിക്ക് നേരെ കല്ലേറുണ്ടായ പ്രദേശത്ത് ആർപിഎഫ് പരിശോധന നടത്തി. ഈ ഭാഗത്ത് ട്രാക്കിൽ കല്ല് നിരത്തുന്നതും ട്രെയിന് നേരെ കല്ലേറുണ്ടാകുന്നതുമായ സംഭവങ്ങൾ പതിവായി ആവർത്തിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഓഗസ്റ്റ് 30ന് ഉള്ളാള്‍ സ്റ്റേഷനു സമീപം ട്രെയിനിൽ കല്ലെറിഞ്ഞ വിദ്യാർത്ഥികളെ പിടി കൂടിയിരുന്നു.