സൈബർ ഇടത്തിലൂടെ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് നമ്മൾ മിക്കപ്പോഴും കേൾക്കാറുണ്ട്. ഈ ഗണത്തിലേക്കാണ് ഇടുക്കിയിൽ നിന്നും ഒരു മലയാളി അധ്യാപിക കൂടി ഇപ്പോൾ എത്തിയിരിക്കുന്നത്. സൈബർ ഇടത്തിലൂടെ വൻ സാമ്പത്തിക തട്ടിപ്പിനാണ് ഈ മലയാളി യുവതി ഇരയായത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവാണ് ഇവരെ കബളിപ്പിച്ചത്. അധ്യാപികയെ കബളിപ്പിച്ച് 12 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.
സമൂഹ മാധ്യമം വഴിയാണ് അധ്യാപിക യുവാവുമായി പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ ഉള്ള സൗഹൃദം ഊഷ്മളമായതോടെ യുവാവ് അധ്യാപികയ്ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ അയക്കുകയാണെന്ന് പറഞ്ഞു. അധ്യാപിക എതിർത്തെങ്കിലും യുവാവ് സമ്മാനം അയക്കുമെന്ന് പറഞ്ഞിരുന്നു.
രണ്ടു ദിവസത്തിനു ശേഷം എയർപോർട്ട് കസ്റ്റംസിൽ നിന്നാണെന്ന് പറഞ്ഞ് ഒരു കോൾ വന്നു.വിലപിടിപ്പുള്ള സാധനങ്ങൾ വിദേശത്തും എത്തിയിട്ടുണ്ടെന്നും ഈ സമ്മാനം ഏറ്റുവാങ്ങുന്നതിന് കസ്റ്റംസ് ഡ്യൂട്ടി ആയ അഞ്ചു ലക്ഷം രൂപ അടക്കണമെന്നും അറിയിച്ചു. തുടർന്ന് ലഭിച്ച അക്കൌണ്ടിലേക്ക് അധ്യാപിക പണം അയച്ചു. ഇതിനു ശേഷം മറ്റൊരു ഫോൺ സന്ദേശം അധ്യാപികയെ തേടിയെത്തി. ഇതിൽ കള്ളക്കടത്ത് കേസിൽ കുടുക്കുമെന്ന് ആയിരുന്നു ഭീഷണി. ഈ കേസിൽനിന്ന് ഒഴിവാക്കാനായി പണം ആവശ്യപ്പെട്ടു ഇതോടെ 7 ലക്ഷം രൂപ കൂടി അധ്യാപിക കൈമാറി. ഇത്രത്തോളം പണം നഷ്ടപ്പെട്ടതോടെ വിവരങ്ങൾ ബന്ധുവായ ഒരു പോലീസ് ഉദ്യോഗസ്ഥനോട് അധ്യാപിക അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപിക ഇരയായത് വലിയ തട്ടിപ്പിനാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ സൈബർ സെല്ലിൽ പരാതി നൽകി. അധ്യാപികയിൽ നിന്നും ഇത്രയും വലിയ തുക തട്ടിയെടുത്തവരെ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ. ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ ഇനിയും നടന്നിട്ടുണ്ടാകാമെന്ന് പോലീസ് പറയുന്നു.