പുകക്കുഴൽ പോലുമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറിന് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ല എന്ന് കാണിച്ച് ഫൈൻ ചുമത്തിയ സംഭവത്തിൽ വലിയ തോതിലുള്ള വിമർശനമാണ് പോലീസിന് നേരിടേണ്ടി വന്നത്. മലപ്പുറം കരുവാക്കുണ്ട് പോലീസ് ആണ് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കാണിച്ച് ഇലക്ട്രിക് സ്കൂട്ടറിന് 250 രൂപ പിഴ അടിച്ചത്.
പോലീസ് പിഴ ഈടാക്കിയ രസീത് സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിച്ചു. ഇതോടെ പുകക്കുഴൽ പോലുമില്ലാത്ത ഒരു വാഹനത്തിന് ഫൈൻ അടിച്ച പോലീസിന്റെ നടപടി വ്യാപകമായി ട്രോൾ ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തു.
ഇപ്പോഴിതാ ഈ സംഭവം വിവാദമായി മാറിയതോടെയാണ് വിശദീകരണമായി പോലീസ് തന്നെ രംഗത്തെത്തി. പിഴവ് പറ്റിയതാണെന്നും പിഴ രസീത് അടക്കുന്ന ഈ പേസ് യന്ത്രത്തില്‍ ഓരോ കുറ്റത്തിനും ഓരോ നമ്പർ ആണ് ഉള്ളത്. ഇതിൽ ലൈസൻസ് ഹാജരാക്കിയില്ല എന്ന കുറ്റത്തിന് പിഴ അടിക്കാന്‍ ശ്രമിച്ചപ്പോഴാണ് കോഡ് മാറിപ്പോയതെന്ന് പോലീസ് വിശദീകരിച്ചു.
ഈ രണ്ട് നിയമ ലംഘനങ്ങൾക്കും 250 രൂപയാണ് പിഴയെന്നും അതുകൊണ്ടാണ് അത് മാറ്റി അടിക്കാതിരുന്നത് എന്നും പോലീസ് പറയുന്നു. ഇത് അബദ്ധത്തിൽ സംഭവിച്ച പിഴവാണ് ആയതിനാല്‍ ഈ വിഷയത്തില്‍ പോലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം ഹെൽമറ്റ് ധരിക്കാതിരുന്നതിനാൽ തനിക്ക് ഫൈനായി 500 രൂപ പറഞ്ഞപ്പോൾ താന്‍ താഴ്മയായി അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ അത് 250 രൂപയാക്കി കുറക്കുകയായിരുന്നു പോലീസ് ചെയ്തത് എന്ന് യാത്രക്കാരൻ പറഞ്ഞു. എന്നാൽ രസീത് കയ്യിൽ കിട്ടിയപ്പോഴാണ് അതിലെ പിഴവ് ശ്രദ്ധയിൽപ്പെട്ടത്. അതാണ് രസീതിന്റെ കോപ്പി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത് എന്നും യാത്രക്കാരൻ പറഞ്ഞു.