പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ നിന്നും സംവിധായകൻ വിനയൻ തന്റെ പാട്ട് ഒഴിവാക്കിയെന്ന് ആരോപണമായി രംഗത്ത് വന്നിരിക്കുകയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഗാനമേളകളിലൂടെ ശ്രദ്ധ നേടിയ ഗായകനായ പന്തളം ബാലൻ.
ചാതുർവർണ്യത്തിന്റെയും നങ്ങേലിയുടെയും അടിമത്തത്തിന്റെയും കഥ പറയുന്ന ഈ ചിത്രത്തിൽ നിന്നും പിന്നോക്ക വിഭാഗത്തിൽ ജനിച്ചു വളർന്ന തന്നെപ്പോലൊരു കലാകാരനെ ഒഴിവാക്കിയത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ ചിത്രത്തിന്റെ സന്ദേശം തന്നെ പോലുള്ള കലാകാരന്മാരേയും സാധാരണക്കാരായവര്‍ക്കും നീതി നേടി കൊടുക്കുക എന്നതാണ്. പക്ഷേ തന്നോട് കാണിച്ച നീതികേട് തന്റെ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന നിരവധി പേർക്ക് വേദനയായി, പന്തളം ബാലൻ പറയുന്നു.
എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയത് എന്ന് വിനയൻ എന്ന ഡയറക്ടർ പറയണമായിരുന്നു. ഒരു പുതിയ ഗായകരെ വിളിച്ചിട്ട് പാട്ടില്ല എന്ന് പറയുന്ന പോലെയല്ല ഇത്, സ്വന്താമായി ഒരു അഡ്രസ്സ് കേരളത്തിൽ പാടി ഉണ്ടാക്കിയിട്ടുള്ള വ്യക്തിയാണ് താൻ. എന്നാൽ അതിന് പുല്ല് വിലയാണ് വിനയൻ കൽപ്പിച്ചത്. ഇത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണെന്ന് പന്തളം ബാലൻ പറയുന്നു.
വിനയൻ തന്നെയാണ് ഈ പടത്തിൽ പാടണമെന്ന് തന്നെ ആദ്യമായി വിളിച്ച് അറിയിച്ചത്. കൊറോണയുടെ സമയത്താണ് താൻ ഈ പാട്ട് പാടിയത്. സംഗീതസംവിധായകൻ ജയചന്ദ്രൻ രാവിലെ 11:30 മുതൽ രാത്രി ഒമ്പതര മണി വരെ ഈ ഗാനം തന്നെ കൊണ്ട് പാടിപ്പിച്ചു. തന്നാൽ കഴിയുന്ന വിധം അത് നന്നായി പാടുകയും ചെയ്തു. പിന്നീട് ഈ പാട്ട് പാടിയ കാര്യം ആരോട് വേണമെങ്കിലും പറഞ്ഞോളൂ എന്ന് സംവിധായകന്‍ വിനയൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത് പബ്ലിക് ആയി പറഞ്ഞത്. അവരോടൊക്കെ എന്ത് സമാധാനമാണ് പറയേണ്ടത് എന്ന് പന്തളം ചോദിക്കുന്നു. വിനയൻ നട്ടെല്ലുള്ള സംവിധായകനാണ് എന്നാണ് പൊതുജനം കരുതുന്നത് എങ്കിലും തനിക്ക് അങ്ങനെ തോന്നുന്നില്ല. ഒരാൾക്ക് അവസരം കൊടുക്കാൻ തീരുമാനിച്ചാൽ അത് കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. വാക്കും പ്രവർത്തിയും ഒരുപോലെ വരുമ്പോഴാണ് മനുഷ്യൻ ആകുന്നത്.
വിനയൻ സിനിമ ഫീൽഡിൽ വരുന്നതിനുമുമ്പ് തന്നെ പന്തളം ബാലൻ ഉണ്ട്. വിനയൻ തനിക്ക് അയച്ച മെസ്സേജിൽ പറഞ്ഞത് ഇപ്പോൾ എടുത്ത തീരുമാനം അല്ല കുറച്ചുനാൾ മുമ്പ് എടുത്ത തീരുമാനമാണെന്നാണ്. അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് തന്നെ ആ വിവരം നേരത്തെ അറിയിക്കാതിരുന്നത് എന്നും പന്തളം ബാലൻ ചോദിക്കുന്നു. ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്യുന്ന ദിവസമാണ് മെസ്സേജ് അയച്ചു തന്റെ ഗാനം ഇല്ല എന്ന് അറിയിക്കുന്നത്. അത് കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി. ഇതിന് താങ്കൾ ജനങ്ങൾക്ക് കൃത്യമായി മറുപടി നൽകണം. ഇപ്പോൾ വിനയനെ സാർ എന്ന് വിളിക്കാൻ പോലും മടിയാണെന്നും പന്തളം ബാലൻ പറയുന്നു.