അമ്പത്തിമൂന്ന് പ്രാവശ്യം വിവാഹം കഴിച്ചുവെന്ന വെളിപ്പെടുത്തലുമായി സൗദി പൗരൻ രംഗത്ത്. 63 വയസ്സുള്ള അബു അബ്ദുള്ളയാണ് ഇത്രയധികം തവണ വിവാഹം കഴിച്ചെന്ന അവകാശവാദവുമായി രംഗത്തു വന്നത്.
സന്തോഷത്തിനു വേണ്ടി അല്ലെന്നും മനസമാധാനത്തിനു വേണ്ടിയാണ് താൻ പലതവണ വിവാഹം കഴിച്ചത് എന്നുമാണ് ഇയാൾ പറയുന്നത്.
20 വയസ്സു മാത്രം പ്രായം ഉള്ളപ്പോഴാണ് ഇയാളുടെ ആദ്യത്തെ വിവാഹം നടക്കുന്നത്. ഇദ്ദേഹത്തെക്കാൾ ആറ് വയസ്സ് പ്രായം കൂടുതലുള്ള സ്ത്രീയെയാണ് ഇയാള് ഭാര്യയായി സ്വീകരിച്ചത്. എന്നാൽ കുറച്ചു നാളുകൾക്കു ശേഷം ഇവരുമായി പ്രശ്നങ്ങൾ ഉടലെടുത്തതോടെ രണ്ടാമതൊരു വിവാഹം കൂടി കഴിച്ചു. ഇരുപത്തിമൂന്നാമത്തെ വയസ്സിലായിരുന്നു രണ്ടാമത്തെ വിവാഹം നടന്നത്. എന്നാൽ ആ വിവാഹബന്ധത്തിലും പ്രശ്നങ്ങൾ തലപൊക്കിയതോടെ മറ്റൊരു വിവാഹം കഴിച്ചു. എന്നാൽ അതും ശരിയായി വന്നില്ല. തുടർന്ന് മൂന്നു ബന്ധങ്ങളും വേർപ്പെടുത്തിയതിന് ശേഷം 50 സ്ത്രീകളെ കൂടി ഇയാൾ വിവാഹം ചെയ്തതായി അവകാശപ്പെടുന്നു.
ഒരു രാത്രി മാത്രം നീണ്ടു നിന്ന ദാമ്പത്യ ബന്ധം പോലും ഇയാളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. സാഹചര്യം മൂലമാണ് ഇത്രയധികം വിവാഹം കഴിക്കേണ്ടി വന്നതെന്ന് അബ്ദുള്ള പറയുന്നു. തന്നെ സന്തോഷവാനാക്കാൻ കഴിയുന്ന ഒരു സ്ത്രീയെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്രയധികം വിവാഹം കഴിച്ചത്.
നിലവിൽ ഇയാൾക്ക് ഒരു ഭാര്യയാണ് ഉള്ളത്. ഇനി മറ്റൊരു വിവാഹ ബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നും ഇപ്പോഴുള്ള ബന്ധം ജീവിതാവസാനം വരെ തുടർന്നു കൊണ്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അബു അബ്ദുള്ള പറയുന്നു.