പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ നിന്നും താൻ പാടിയ ഗാനം ഒഴിവാക്കി എന്ന ആരോപണവുമായി ഗായകൻ പന്തളം ബാലൻ രംഗത്ത് വന്നിരുന്നു. ഇത് ചർച്ചാവിഷയം ആയതോടെ പന്തളം ബാലന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ.
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതുന്നതിന്റെ തുടക്കത്തിലാണ് പന്തളം പാലിനെ കൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന ആഗ്രഹം തനിക്കുണ്ടാകുന്നത്. അങ്ങനെയാണ് ജയചന്ദ്രനെ വിളിച്ച് പന്തളം ബാലന് ഒരു പാട്ടു കൊടുക്കണം എന്ന് അറിയിച്ചത്. അങ്ങനെ ജയചന്ദ്രൻ ബാലനെ വിളിച്ചു പാട്ടു പാടിച്ചിരുന്നു. അന്നത്തെ സ്ക്രിപ്റ്റിൽ പിറന്നാൾ ആഘോഷം പോലെ ഒരു രംഗമുണ്ടായിരുന്നു. ആ പാട്ടാണ് പന്തളം ബാലൻ പാടിയത്. എന്നാൽ ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയായി കഴിഞ്ഞപ്പോൾ പിറന്നാൾ ആഘോഷത്തിന് പകരം പൂതം തുള്ളലാണ് ആവശ്യമായി വന്നത്.
അപ്പോൾ തന്നെ ഈ വിവരം പന്തളം ബാലനെ വിളിച്ച് അറിയിക്കുകയും ചെയ്തു. മാത്രമല്ല ഈ പാട്ട് ഉൾപ്പെടുത്താൻ കഴിയാത്തതുകൊണ്ട് അടുത്ത ചിത്രത്തിൽ ഉറപ്പായും പന്തളം ബാലന് ഒരു പാട്ട് തരുമെന്ന് പറയുകയും ചെയ്തു. അപ്പോൾ ബാലൻ പറഞ്ഞ മറുപടി ഇത് വിധി ആയിരിക്കാം അടുത്ത പടത്തിൽ പരിഗണിക്കണമെന്നാണ്.
സിനിമ ചിലപ്പോൾ അങ്ങനെയാണ് ഷൂട്ട് ചെയ്ത കാര്യങ്ങൾ ചില താരങ്ങൾ പാട്ടുകൾ അങ്ങനെ പലതും ഒഴിവാക്കേണ്ടതായി വന്നേക്കാം. സിനിമയുടെ തിരക്കഥ വികസിക്കുന്നതിന്‍റെ ഭാഗമായി പലതും മാറും. ആ രംഗത്തിന് ആവശ്യമില്ലാത്ത ഒരു പാട്ടിന് വേണ്ടി 40 ലക്ഷം രൂപ മുടക്കി ചിത്രീകരിക്കാൻ നിർമാതാവിനോട് പറയാൻ കഴിയില്ല. ഇത്രയും വർഷത്തെ അനുഭവസമ്പത്തുള്ള ബാലനെ ഇത് അറിയാത്ത കാര്യമല്ല. യുവ ഗായകനായ ഹരിശങ്കറിന്റെ ഒരു പാട്ടും ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതൊക്കെ സിനിമയിൽ പതിവുള്ള കാര്യമാണ്.
ബാലന്റെ പോസ്റ്റ് കണ്ടപ്പോൾ വിഷമം തോന്നി. ബാലനെ പോലെ ഒരു സീനിയർ കലാകാരൻ പറയേണ്ട വാക്കുകളല്ല ഇത് . ജാതിയോ മതമോ നോക്കാതെ എല്ലാ കലാകാരന്മാരെയും ചേർത്തുപിടിക്കുന്ന ആളാണ് താന്‍. ജാതി നോക്കി ഒഴിവാക്കി എന്ന് പറയുന്നത് കഷ്ടമാണ്. സിനിമയെക്കുറിച്ചും കലയെക്കുറിച്ചും നല്ല വിവരമുള്ള ബാലനെ പോലെ ഒരാളില്‍ നിന്നും ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ലെന്നും ഇതിൽ വല്ലാത്ത പ്രയാസമുണ്ടെന്നും വിനയന്‍ കൂട്ടിച്ചേർത്തു.