നടി ആക്രമിക്കപ്പെട്ട കേസിൽ മാധ്യമങ്ങൾ ദിലീപിനെ വേട്ടയാടുകയാണെന്ന ആരോപണവുമായി നിർമ്മാതാവും സംവിധായകനുമായ സമദ് മങ്കട രംഗത്ത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ ആരോപിച്ചത്.
നമ്മുടെ നാട്ടിൽ ഇതുപോലുള്ള പല വിഷയങ്ങളും നടക്കുന്നുണ്ട്, ഇതിൽ പലപ്പോഴും വളരെ ഉന്നതരായ ആളുകളും അറിയാവുന്നവരും അറിയപ്പെടാത്തവരും ഉൾപ്പെടുന്നുണ്ട്. പക്ഷേ ദിലീപിന്റെ ഈ വിഷയത്തിന് മാത്രം എന്തിനാണ് മാധ്യമങ്ങൾ ഇത്രമാത്രം പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. കോടതിയിൽ വിചാരണയാണ്, ദിലീപ് അവിടെ പോയി , ഇവിടെ പോയി , ഇങ്ങനെ ചെയ്തു , അങ്ങനെ ചെയ്തു, അതിജീവതയുടെ വക്കീൽ പറയുന്നത് ഇതാണ് തുടങ്ങി ആ സംഭവവുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും പത്രങ്ങളിൽ ഒന്നാം പേജിൽ നിരന്തരം അടിച്ചു വരികയാണ്.
ഒരു സിനിമ ആസ്വദിക്കുന്ന പോലെ വാർത്തകൾ ആളുകൾ ആസ്വദിച്ചു പോകുന്ന നിലയിലേക്ക് എത്തി കാര്യങ്ങൾ. സത്യത്തിൽ ഇതിന്റെ എന്താവശ്യമാണുള്ളത്, ഇത് ഒരു സംഭവം മാത്രമാണ്. എന്തോ ഒന്ന് നടന്നിട്ടുണ്ട്, അത് ആരോടായാലും ശരിയായ കാര്യമല്ല, അങ്ങനെ ചെയ്യാൻ പാടില്ല. ഇത് അന്വേഷണത്തിലും കോടതിയുടെ പരിഗണനയും ഉള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അഭിപ്രായം പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിലും വലിയ സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. ഭക്ഷണം കഴിച്ചതിന്റെ പേരിൽ ഒരു പാവപ്പെട്ട വ്യക്തിയെ തല്ലിക്കൊന്ന സംഭവം ഉണ്ടായി, നിരവധിപേർ ഈ രാജ്യത്ത് ആക്രമിക്കപ്പെടുന്നു.അതൊന്നും ആർക്കും ഒരു വിഷയമല്ല. വായനക്കാർക്കും പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്നത് കൊടുക്കുക, അതിലേക്ക് അവരുടേതായ കുറച്ചു കാര്യങ്ങൾ കൂടി ചേർക്കുക, അതാണ് ഇപ്പോൾ നടക്കുന്നതെന്ന് സമദ് മങ്കട കുറ്റപ്പെടുത്തുന്നു.
പ്രചരിക്കുന്ന പലതും ഊഹാപോഹങ്ങളാണ്, അന്വേഷിച്ചു വരുമ്പോൾ ഒന്നുമുണ്ടാവില്ല. ദിലീപ് മാറിയിരിക്കുമ്പോൾ ആ ഗ്യാപ്പിൽ കയറാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. ദിലീപിന്റെ സിനിമകൾ ഇല്ലാതായത് ഒരു വലിയ നഷ്ടമാണ്, മലയാളി പ്രേക്ഷകർക്ക് ദിലീപിന്റെ സിനിമകൾ ഇഷ്ടമായിരുന്നു. ദിലീമായി സംസാരിച്ചിട്ടുള്ളതുകൊണ്ടുതന്നെ ഒരു നല്ല മനുഷ്യനായിട്ടാണ് തനിക്ക് മനസ്സിലായിട്ടുള്ളതൊന്നും സമദ് മങ്കട അഭിപ്രായപ്പെട്ടു.