200 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിൽ തീഹാർ കഴിയുന്ന സുകേഷ് ചന്ദ്രശേഖറെ കാണാൻ നാലു നടിമാർ ജയിലിൽ എത്തിയതായി ഈ ഡീ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. സന്ദർശനത്തിന് പ്രതിഫലമായി ജയിലിനുള്ളില്‍ വച്ച് തന്നെ വിലപിടിപ്പുള്ള വസ്തുക്കളും പണവും സുകേഷ് നൽകിയതായും ഇവരെ ജയിലിൽ എത്തിക്കുന്നതിന് സൗകര്യം ഒരുക്കി കൊടുത്തതായും സുകേഷിന്റെ തന്നെ സഹായിയായ പിങ്കി ഇറാനി ആണെന്നും ഈ ഡീ സമര്‍പ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ഹിന്ദി സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു വരുന്ന ചാഹത്ത് ഖന്ന, സോഫിയ സിംഗ്, അരുഷ പാട്ടിൽ, ബിഗ് ബോസ് താരമായ നിഖിത തമ്പോളി എന്നിവരാണ് സുകേഷിനെ കാണാൻ ജയിലിൽ എത്തിയത്. ഇവർക്ക് ആഡംബര വാച്ചുകളും പണവും സമ്മാനമായി നൽകിയതായും പറയുന്നു. അതേസമയം സുകേഷിനെ ജയിലിൽ സന്ദർശിച്ചു എന്ന ആരോപണം അരുഷ പാട്ടിൽ നിഷേധിച്ചു.
സിനിമാ നിർമ്മാതാവായ സുകേഷിനെ ഒരു ചിത്രത്തിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് ജയിലിൽ എത്തി കാണണമെന്ന് പറഞ്ഞതു കൊണ്ടാണ് താൻ പോയത് എന്നാണ് നിഖിതയുഎ വാദം. അതേസമയം ജയിലിൽ എത്തിയപ്പോൾ തന്നെ പരിശോധിക്കുകയോ ഐഡി കാർഡ് ആവശ്യപ്പെടുകയോ ചെയ്തില്ലെന്ന് നിഖിത മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവം നടന്നത് 2018 ഓഗസ്റ്റിലാണ്.
ആദ്യം ഓഫീസ് ആണെന്ന് പറഞ്ഞതാണ് കൂട്ടിക്കൊണ്ടു പോയത് എന്നും പിന്നീടാണ് ഇത് ജയിലാണെന്ന് മനസ്സിലാക്കുന്നതെന്നും നിഖിത പറയുന്നു. ഒരു അഴിമതി കേസുമായി ബന്ധപ്പെട്ടാണ് താൻ ജയിലിൽ കഴിയുന്നതെന്നും അധികം വൈകാതെ പുറത്തു കടക്കുമെന്നും അന്ന് നടിയോട് സുകേഷ് പറഞ്ഞിരുന്നു. പിന്നീട് മൂന്ന് ആഴ്ചക്ക് ശേഷം ഈ നാഡീ ഒരിക്കൽ കൂടി ജയിലില്‍ എത്തി സുകേഷിനെ കണ്ടു . മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റ് വാട്സ്ആപ്പ് വഴി അയച്ചു തരികയായിരുന്നു. താൻ സന്ദർശിക്കുമ്പോൾ സുകേഷിന്റെ മുറിയിൽ വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ ഉണ്ടായിരുന്നു.അതിൽ നിന്ന് ഒരു ഗുച്ചി ബാഗും രണ്ട് ലക്ഷം രൂപയും അയാൾ തനിക്ക് തന്നു, നിഖിത കൂട്ടിച്ചേർത്തു.
അതേസമയം ജയിലിൽ ഉള്ളിലേക്ക് കടന്നപ്പോൾ മുഖം ക്യാമറയിൽ പതിയാത്ത വിധത്തിൽ കയറണമെന്ന് സുകേഷിന്റെ സഹായിയായ പിങ്കി പറഞ്ഞതായി ആരോപണ വിധേയമായ ഛാഹത്ത് ഖന്ന പറഞ്ഞു ആ മുറിക്കുള്ളിൽ വലിയ ടിവി, പ്ലേസ്റ്റേഷൻ, എസി, ബ്ലൂടൂത്ത് സ്പീക്കറുകൾ ലാപ്ടോപ്പുകൾ, സോഫ , ഫ്രിഡ്ജ് , റോളക്സ് വാച്ചുകൾ വിലകൂടിയ ബാഗുകൾ എന്നിവ ഉണ്ടായിരുന്നതായും നടി ആരോപിക്കുന്നു. ഈ ഡീയുടെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് നടിമാരെ ചോദ്യം ചെയ്തേക്കാം.