പ്രതിരോധ വാക്സിൻ എടുക്കാനായി തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ച വളർത്തു നായ വെറ്റിനറി ഡോക്ടറെയും ഉടമയെയും ഭാര്യയെയും കടിച്ചു. നായയുടെ കടിയേറ്റ് ഉടമയ്ക്കും സാരമായ പരിക്ക് പറ്റി. ഇരുവരും ആശുപത്രിയില്‍ ചികിത്സ സ്വീകരിച്ചു.
കടിയേറ്റ വെറ്റിനറി ഡോക്ടർ ജയ്സൺ ജോർജിന്റെ കൈക്ക് സാരമായ പരിക്ക് പറ്റി. ഡോക്ടർ നേരത്തെ തന്നെ പ്രതിരോധ ആക്ഷൻ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം നടന്നത്. യൂജിന്‍ എന്ന തൊടുപുഴ സ്വദേശിയുടെ മൂന്നര വയസ്സുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട വളർത്തു നായ ആണ് പ്രതിരോധ വാക്സിൻ എടുക്കാനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ അക്രമാസക്തനായത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്ന നായക്ക് ചികിത്സ നൽകുന്നതിന് വേണ്ടിയാണ് ആശുപത്രിയിൽ എത്തിച്ചത്. നായ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല എന്ന് ഉടമ പറഞ്ഞതു കൊണ്ടാണ് വായ കെട്ടാതെ പരിശോധിക്കനായി ഡോക്ടർ തുനിഞ്ഞത്. ഡോക്ടറെ കടിച്ച ഉടൻ തന്നെ നായയെ പിടിക്കാനായി ഉടമ ശ്രമിച്ചപ്പോൾ അദ്ദേഹത്തെയും കടിച്ചു. പിന്നീട് നായയുടെ വായ മൂടി കെട്ടാൻ ശ്രമിക്കുന്നതിനിടെ ഉടമയെ നായ മാരകമായി കടിച്ചു പരിക്കേൽപ്പിച്ചത്. ഇതിനിടയാണ് ഉടമയുടെ ഭാര്യയ്ക്ക് നായയുടെ കടിയേറ്റത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിനും ഇമ്മ്യൂണോ ഗ്ലോബൽ സിറവും നൽകി.
ഈ നായയ്ക്ക് പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ല. പിന്നീട് നായയെ മയക്കിയതിനു ശേഷമാണ് തിരികെ കൊണ്ടു പോയത്. കൂടാതെ 10 ദിവസം പ്രത്യേക കൂട്ടിൽ നിരീക്ഷണത്തിൽ പാർപ്പിക്കാനും നിര്‍ദേശിച്ചു. പേവിഷ ബാധയുടെ എന്തെങ്കിലും ലക്ഷണങ്ങൾ കാണിച്ചാൽ മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് ഡോക്ടർ പറഞ്ഞു.