സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും സുരേഷ് ഗോപി ജനമനസ്സുകളിൽ ജനനായകൻ തന്നെയാണ്. താരം എന്നതിനപ്പുറം ഒരു മനുഷ്യസ്നേഹി എന്ന നിലയിലാണ് അദ്ദേഹം കൂടുതലായി ആദരിക്കപ്പെടുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി തൻറെ വരുമാനത്തിന്റെ ഒരു വിഹിതം നൽകുന്നതിന് സുരേഷ് ഗോപിക്ക് ഒരു പാർട്ടിയുടെയും പിൻബലം ആവശ്യമില്ല. അതിന് പണം കണ്ടെത്തുന്നതിന് വേണ്ടി അദ്ദേഹം ആർക്കും കാത്തു നിൽക്കാറുമില്ല.
ഇപ്പോഴിതാ സ്വന്തം പോക്കറ്റിൽ നിന്ന് 13 ലക്ഷം രൂപ മുടക്കിയാണ് അദ്ദേഹം ഇടമലകുടിക്കാരുടെ കാലങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുന്നത്. കിലോമീറ്ററുകളോളം ദുർഘടമായ പാതയിലൂടെ സഞ്ചരിച്ചാണ് ഈ ഊര് നിവാസികൾ കുടിവെള്ളം ശേഖരിച്ചിരുന്നത്. ഓർമ്മവച്ച നാൾ മുതലുള്ള ഇവരുടെ ഒടുങ്ങാത്ത ദുരവസ്ഥയ്ക്കാണ് സുരേഷ് ഗോപി പരിഹാരവുമായി എത്തിയത്.
13 ലക്ഷത്തോളം രൂപ മുടക്കിയാണ്, ലക്ഷ്മി സുരേഷ് ഗോപി ട്രസ്റ്റിന്റെ പേരിൽ ഇഡലിപ്പാറ കുടിവെള്ള പദ്ധതി അദ്ദേഹം നടപ്പിലാക്കുന്നത്. ഇടമലകുടിക്കാരെ നേരിട്ട് കാണുന്നതിന് ഈ മാസം 27ന് അദ്ദേഹം ഗ്രാമത്തിൽ എത്തും.
വളരെ വർഷങ്ങളായുള്ള ഇവരുടെ ഏറ്റവും വലിയ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തിയ താരത്തെ കാത്തിരിക്കുകയാണ് ഈ ഊരിലുള്ളവർ എല്ലാവരും തന്നെ.
നേരത്തെയും രാജ്യസഭയിൽ വച്ച് കേരളത്തിലെ വനങ്ങളിൽ കഴിയുന്ന ആദിവാസികളുടെ ജീവിതനിലവാരം വളരെ മോശമാണെന്നും ഇതിനായി ട്രൈബൽ കമ്മീഷനെ അയക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. മാത്രവുമല്ല ആദിവാസികളുടെ ക്ഷേമത്തിനായി കേന്ദ്രം നൽകുന്ന ഫണ്ട് വെറുതെ ലാപ്സ് ആയി പോവുകയാണെന്നും ഊര് നിവാസികളുടെ കോളനിയിൽ കുടിവെള്ളവും വൈദ്യുതിയും ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ അദ്ദേഹം സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിച്ചിരിക്കുകയാണ്. സമൂഹമാധ്യമത്തിൽ അടക്കം സുരേഷ് ഗോപിയുടെ ഈ പ്രവർത്തിക്ക് നിറഞ്ഞ കയ്യടിയാണ്.