കേരള സർക്കാരിൻറെ ഇത്തവണത്തെ ഓണം ബംബർ ലോട്ടറി വില്പന അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക യാണ് നൽകുന്നത്. നാളെയാണ് നറുക്കെടുപ്പ് നടക്കുന്നത്. 25 കോടി ഒന്നാം സമ്മാനം നൽകുന്ന 500 രൂപ വരെയുള്ള ടിക്കറ്റ് നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. ഇതുവരെ അച്ചടിച്ച 67.5 0 ലക്ഷം ടിക്കറ്റുകളിൽ ഇനീ 3.69 ടിക്കറ്റുകൾ കൂടിയേ വിൽക്കാൻ ബാക്കി ഉള്ളൂ. ഇത് ഇന്ന് വിറ്റ് തീരും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇതുവരെ 319 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിച്ചു.
ഇത്തവണ ഒന്നാം സമ്മാനം നേടുന്ന ആളിന് 10% ഏജൻസി കമ്മീഷനും 30% നികുതിയും കഴിച്ച് ബാക്കി 15.75 കോടി രൂപ കയ്യിൽ കിട്ടും. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്ക് കിട്ടും. ഓണം ബമ്പർ ടിക്കറ്റിന്റെ നേരത്തെയുള്ള വില 300 രൂപ ആയിരുന്നു.ഇത് ഇത്തവണ 500 ആക്കി വർധിപ്പിച്ചു. കൂടിയ തുക ആയതിനാൽ ആളുകൾ ടിക്കറ്റ് എടുക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും മലയാളികൾ ഒന്നടങ്കം ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിയതോടെ ആ ആശങ്ക അസ്ഥാനത്തായി.
ഓണക്കാലത്ത് മാത്രം 33 ലക്ഷം ടിക്കറ്റുകൾ വിറ്റു. ഇത്തവണ ടിക്കറ്റ് എടുത്തവർക്ക് ചില നിർദ്ദേശങ്ങളും അധികൃത മുന്നോട്ടു വയ്ക്കുന്നുണ്ട്.
ടിക്കറ്റ് വാങ്ങിയാൽ ഉടൻ തന്നെ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും ഒപ്പും മേൽവിലാസവും എഴുതണം. ടിക്കറ്റ് ചാർജ് കൂടുതലായതുകൊണ്ട് ഒരു ടിക്കറ്റ് ഒന്നിലധികം പേർ ഷെയർ ഇട്ടു വാങ്ങുന്ന സ്ഥിതിയുണ്ട്. അതുകൊണ്ട് ഒന്നിലധികം പേർ ഒരുമിച്ച് ചേർന്നാണ് ടിക്കറ്റ് എടുക്കുന്നത് എങ്കിൽ ഓരോരുത്തരുടെയും പേര് പിന്നിൽ എഴുതി ഒപ്പിടണം. സമ്മാനം അടിച്ചാൽ തുകയിൽ അവകാശവാദം ഉന്നയിച്ച് ലോട്ടറി ഡയറക്ടർക്ക് അപേക്ഷ നൽകി ഒറിജിനൽ ടിക്കറ്റ് ബാങ്ക് വഴിയോ നേരിട്ടോ നൽകാവുന്നതാണ്. ടിക്കറ്റിന് പിന്നിൽ പേരെഴുതി ഒപ്പിട്ട് ഒരാളുടെ അക്കൗണ്ടിലേക്കോ,അതല്ല ഒരു നിശ്ചിത തുക എല്ലാവരുടെയും അക്കൗണ്ടിലേക്കാണോ നിക്ഷേപിക്കേണ്ടത് എന്ന് അപേക്ഷയിൽകൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇതിന് എല്ലാത്തിനും ഉള്ള സൗകര്യം ലോട്ടറി വകുപ്പിന്റെ സോഫ്റ്റ്‌വെയറിൽ വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് തുക കൂടുതൽ ആയതുകൊണ്ട് ഒന്നിലധികം പേർ ചേർന്ന് പങ്കിട്ട് ടിക്കറ്റ് എടുക്കുന്നവർ ധാരാളം ആണ്. പലപ്പോഴും ഇത്തരത്തിൽ ഒന്നിലധികം ആളുകൾ ചേർന്ന് പങ്കിട്ട് എടുക്കുന്നവർക്കിടയിൽ തർക്കം ഉണ്ടാകുന്നത് കൊണ്ടാണ് ഇത്തരമൊരു നിർദ്ദേശം ലോട്ടറി വകുപ്പ് മുന്നോട്ടു വച്ചിരിക്കുന്നത്.