സംസ്ഥാനത്ത് പ്രതിദിനം കൂടിവരുന്ന തെരുവുനായ ആക്രമണം മൂലം ആശങ്കയിലാണ് ജനങ്ങൾ. മനുഷ്യരെയും വളർത്തു മൃഗങ്ങളെയും ഉൾപ്പെടെയുള്ളവരെ തെരുവ് നായ്ക്കൾ ആക്രമിച്ചു എന്ന വാർത്തയാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തെരുവിനായ്ക്കളുടെ ആക്രമണം കൂടി വരുമ്പോഴും അധികാരികളുടെ ഭാഗത്തു നിന്നും ഉള്ള നിഷ്ക്രിയത്വം തുടരുന്നത് വലിയ തോതിൽ വിമർശിക്കപ്പെടുന്നുണ്ട്. ഇതിനിടെയാണ് പട്ടികടി ഒഴിവാക്കുന്നതിന് അഞ്ച് മാർക്ക് നിർദ്ദേശങ്ങൾ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തു വിട്ടത്. ഇതിനെതിരെ രൂക്ഷമായ പരിഹാസമാണ് സമൂഹ മാധ്യമത്തിൽ ഉയർന്നു കേൾക്കുന്നത്.
ദേഷ്യപ്പെട്ടിരിക്കുമ്പോഴോ ഭയന്നിരിക്കുമ്പോഴോ പട്ടിയുടെ അടുത്ത് ചെല്ലരുത്, ഉറങ്ങുമ്പോഴും ആഹാരം കഴിക്കുമ്പോഴും കുട്ടികളെ പരിപാലിക്കുമ്പോഴും പട്ടിയെ ശല്യപ്പെടുത്തരുത്, പട്ടി അടുത്തെത്തിയാൽ ഓടരുത് വളരെ ശാന്തമായി മാത്രം പട്ടിയുടെ അടുത്തേക്ക് എത്തുക, തുടങ്ങി പട്ടികടി ഒഴിവാക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ ചിത്രങ്ങൾ അടക്കം ഉൾപ്പെടുത്തിയാണ് നിർദ്ദേശം പങ്കുവെച്ചത്.
എന്നാൽ അധികാരികളുടെ ഭാഗത്തു നിന്നുള്ള ഈ നിർദ്ദേശത്തിന് നല്ല സ്വീകരണം അല്ല സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിരിക്കുന്നത്. എന്തൊരു ദുരന്തമാണ് ഇത് എന്നായിരുന്നു ഒരാൾ കമൻറ് ചെയ്തത്. മറ്റൊരാൾ ചോദിച്ചത് സർക്കാർ ചെലവിൽ ഇത്തരം വിഡ്ഢിത്തങ്ങൾ പ്രമോട്ട് ചെയ്യേണ്ടതുണ്ടോ എന്നാണ്. അതേസമയം ഉറങ്ങുമ്പോൾ ശല്യപ്പെടുത്തുന്നത് മനുഷ്യനല്ലെന്നും നായയാണെന്നും വീട്ടിനകത്ത് ഉറങ്ങിക്കിടന്ന വിദ്യാർത്ഥിയെ നായ കടിച്ച വാർത്ത പങ്കുവെച്ചുകൊണ്ട് ഒരാൾ കമൻറ് രേഖപ്പെടുത്തി. ഇതിലെ ഏറ്റവും രസകരമായ കമന്റ് ഒരു ഒലക്ക കിട്ടുമോ എന്ന ശ്രീനിവാസൻ ചിത്രത്തിലെ ഡയലോഗ് ആണ്.
ഏതായാലും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തുവിട്ട നിർദ്ദേശങ്ങൾ സമൂഹ മാധ്യമത്തിൽ വലിയ തോതിൽ വിമർശിക്കപ്പെടുകയാണ്.
അതേസമയം ഓരോ ജില്ലയിലും ഹോട്ട്സ്പോട്ടുകൾ തിരിച്ച് അനിമൽ ഷെൽട്ടറുകൾ തയ്യാറാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ ഈ പുതിയ നിർദ്ദേശങ്ങൾ.
തെരുവ് നായയുടെ കടിയേറ്റ് ഈ വർഷം മാത്രം സംസ്ഥാനത്ത് മരിച്ചത് 21 പേരാണ്. ഏറ്റവും ഒടുവിൽ മരണം രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലാണ്. 12 വയസ്സുകാരിയാണ് തെരുവ് നായയുടെ കടിയേറ്റ് മരണപ്പെട്ടത്. നിരവധി പേർക്ക് ഭീതിയിലാണ് ജനം. ഈ സാഹചര്യത്തിൽ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.