കേരള തമിഴ്നാട് അതിർത്തിയിലുള്ള കമ്പംമേട് പോലീസ് സ്റ്റേഷനിൽ പോയാൽ അവിടെയുള്ള സ്റ്റേഷനിലും പരിസരത്തും ഒക്കെ നിരവധി പാമ്പുകളെ കാണാം. മരത്തിൽ ചുറ്റി പിണഞ്ഞിരിക്കുന്ന ഇവയെ കണ്ടാൽ ആരും ഒന്ന് ഭയന്ന് പോകും. പക്ഷേ ഭയക്കേണ്ട കാര്യമില്ല, ഇത് യഥാർത്ഥ പാമ്പുകൾ അല്ല. സ്റ്റേഷനിലും ചുറ്റുവട്ടങ്ങളിലും സ്ഥിരമായി ശല്യത്തിന് എത്തുന്ന വാനരന്മാരെ തുരത്താൻ പോലീസ് പ്രയോഗിച്ചിരിക്കുന്ന സൂത്രപ്പണിയാണ് ഇത്. കുരങ്ങന്മാരുടെ ശല്യം തടയുന്നതിന് ചൈനീസ് പാമ്പുകളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയവായതോടെയാണ് തൊടുപുഴ പോലീസും ഈ വഴി പിന്തുടർന്നിരിക്കുന്നത്.
സ്റ്റേഷന് സമീപത്തും പരിസരപ്രദേശങ്ങളിലും വാനരന്മാരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നാടും നാട്ടുകാരും. ഇവിടേക്ക് എത്തുന്ന കുരങ്ങന്മാരെ തുരത്തുന്നതിന് വേണ്ടിയാണ് സ്റ്റേഷനിലും പരിസരങ്ങളിലും ചൈനീസ് റബ്ബർ പാമ്പുകളെ കാവലായി വെച്ചിരിക്കുന്നത്.
വനത്തിൽ നിന്നും നാട്ടിലേക്ക് ഇറങ്ങുന്ന വാനരന്മാർ നാട്ടുകാരെ പല രീതിയിലും ഉപദ്രവിക്കുകയാണ്. എന്തിനേറെ പറയുന്നു, വീട്ടിലേക്ക് കടന്നു കയറി ആഹാരസാധനങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ ഇവ കവർന്നെടുക്കുന്നു. കുരങ്ങന്മാരുടെ ശല്യം പോലീസ് സ്റ്റേഷനിൽ ഉള്ളവർക്കും തലവേദനയായി മാറിയതോടെയാണ് ഒരു പോംവഴി എന്നോണം ചൈനീസ് പാമ്പുകളെ സ്റ്റേഷന് ചുറ്റും ഒരുക്കി നിർത്തിയിരിക്കുന്നത്.
ഏതായാലും പോലീസുകാരുടെ ഈ നമ്പർ ഏറ്റു എന്ന് വേണം കരുതാൻ. കാരണം ചൈനീസ് പാമ്പുകളെ കണ്ടതോടെ വാനരന്മാർ കൂട്ടത്തോടെ പിന്മാറിയെന്ന് എസ് ഐ പി കെ ലാൽ ഭായ് പറയുന്നു.
ചൈനീസ് പാമ്പുകളെ പരീക്ഷണ അടിസ്ഥാനത്തിൽ വാങ്ങി തോട്ടത്തിൽ സ്ഥാപിച്ചത് വിജയമായതോടെയാണ് അതേ വഴി പിന്തുടരാൻ പോലീസുകാരും തയ്യാറായത്.
ഉടുമ്പിൻ ചോലയിലെ ഒരു സ്വകാര്യ തോട്ടത്തിൽ കുരങ്ങന്മാരുടെ ശല്യം കൂടിയതോടെ തോട്ടത്തിലെ ജീവനക്കാരനായ ബിജുവാണ് റബർ പാമ്പുകൾ കുരങ്ങനെ തുരത്താൻ സഹായിക്കുമെന്ന് കണ്ടെത്തിയത്. ഏലം കൃഷി നശിപ്പിക്കുന്നതിന് എത്തിയ വാനരന്മാർ തോട്ടത്തിൽ ചത്തു കിടക്കുന്ന പാമ്പിനെ കണ്ട് ഭയന്ന് പിന്മാറിയതോടെയാണ് ബിജു ഇത്തരമൊരു ആശയം പരീക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്.
ഓൺലൈൻ വഴി ലഭിക്കുന്ന റബർ പാമ്പുകളെ വാങ്ങി കുരങ്ങ് വരുന്ന വഴികളിൽ കെട്ടിവെച്ചതോടെ കഴിഞ്ഞ രണ്ടു വർഷത്തോളമായി കുരങ്ങനെ കൊണ്ട് യാതൊരുവിധ ശല്യവും ഇല്ലെന്ന് ബിജു പറയുന്നു. കുരങ്ങിൽ നിന്ന് കൃഷി സംരക്ഷിക്കുന്നതിന് ഇത്തരത്തിൽ 200 ഓളം പാമ്പുകളെയാണ് ബിജു തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. സംഭവം റബർ പാമ്പ് ആണെങ്കിലും കണ്ടാൽ ആരും ഒന്ന് ഭയന്നുപോകും. കാരണം അത്രയ്ക്ക് ഒറിജിനാലിറ്റി ആണ്. തോട്ടത്തിൽ പണിക്ക് എത്തിയ അന്യസംസ്ഥാന തൊഴിലാളികൾ റബർ പാമ്പിനെ അടിച്ചു കൊന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.