സൗദി അറേബ്യയിൽ സ്വർണത്തിന്റെയും ചെമ്പിന്റെയും വൻ നിക്ഷേപം കണ്ടെത്തി; പുതിയ നേട്ടത്തിൽ സൗദി
സൗദി അറേബ്യയിലെ മദീന ഭാഗത്ത് സ്വർണത്തിന്റെയും ചെമ്പിന്റെയും വലിയ തോതിലുള്ള നിക്ഷേപം കണ്ടെത്തിയതായി വാർത്ത. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സൗദി ജിയോജിയോളജിക്കൽ സർവേയാണ് പുറത്തു വിട്ടത്. മദീനയിലുള്ള ഉമ്മുൽ ബറാക് ഹജാസിനും അബാ അൽ റഹക്കും ഇടയിലുള്ള മലയോര പ്രദേശത്താണ് വൻതോതിൽ ഉള്ള സ്വർണ അയിരിന്റെ നിക്ഷേപം കണ്ടെത്തിയത്. ഈ ഭാഗത്ത് സ്വർണ നിക്ഷേപം കണ്ടെത്തുന്നതിനുള്ള സർവേയുടെ ശ്രമം വൻ വിജയമായി മാറിയതായി അധികൃതർ പറഞ്ഞു. ഇത് രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ മാനം നൽകുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു . ഇതിന്റെ ഫലമായി 2030 ഓടെ രാജ്യാന്തര തലത്തിൽ സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ കൂടുതൽ ശക്തി പ്രാപിക്കും എന്നും ഗവേഷകർ അറിയിച്ചു. ഇത് ദേശീയ സമ്പദ് വ്യവസ്ഥയുടെ സുരക്ഷയ്ക്ക് വലിയ സംഭാവന ആകും നൽകുക എന്നും, ഇത് രാജ്യത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നും അധികൃതർ കണക്ക് കൂട്ടുന്നു.
ഇപ്പോൾ തന്നെ മദീന മേഖലയിൽ ലൈസൻസ് ലഭിക്കുന്നതിന് 13 വിദേശ സൗദി കമ്പനികൾ മത്സരത്തിലാണ്. 40 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള മേഖലയാണ് ഇപ്പോൾ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയ പ്രദേശം. ഇവിടെ ചെമ്പ് സിങ്ക് സ്വർണ്ണം വെള്ളി നിക്ഷേപങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. ഇതിലൂടെ 5000ത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക എന്ന് അധികൃതർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.