വഴിയരികിൽ പ്രസവ വേദന എടുത്ത് പുളഞ്ഞ ഭിക്ഷാടകയുടെ പ്രസവം എടുത്തത് ഒരു പോലീസ് ഉദ്യോഗസ്ഥ. സംഭവം നടന്നത് ചെന്നൈയിലാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ജോലിക്ക് പോകാൻ എത്തിയപ്പോഴാണ് വെല്ലൂർ സൗത്ത് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ആയ രാജകുമാരി വളരെ ഉച്ചത്തിലുള്ള ഒരു കരച്ചിൽ കേള്‍ക്കുന്നത്. ശബ്ദം കേട്ടത് സമീപത്തുള്ള ഒരു തുണിക്കടയുടെ ഭാഗത്ത് നിന്നും ആയിരുന്നു. അവിടേയ്ക്ക് പാഞ്ഞെത്തി നോക്കിയപ്പോൾ ഒരു ഭിക്ഷാടകയായ സ്ത്രീ പ്രസവവേദന എടുത്ത് കരയുന്നതാണ് കണ്ടത്. അപ്പോൾ ആറു വയസ്സ് പ്രായമുള്ള ഒരാൺകുട്ടി എന്തു ചെയ്യണമെന്ന് അറിയാതെ അവരുടെ അടുത്ത് ഉണ്ടായിരുന്നു.
ഉടൻതന്നെ രാജകുമാരി തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് ഓടിപ്പോയി. പിന്നീട് സബ്ഇൻസ്പെക്ടറായ പത്മനാഭനെയും വനിതാ കോൺസ്റ്റബിൾ ശാന്തിയെയും ഒപ്പം കൂട്ടി തിരികെ എത്തി. പിന്നീട് ഇവർ മൂന്നുപേരും ചേർന്ന് യുവതിയുടെ പ്രസവം എടുത്തു. ഒരു പെൺകുട്ടിയാണ് ജനിച്ചത്.
പിന്നീട് അവർ കുട്ടിയെയും അമ്മയെയും ഒരു ആംബുലൻസിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ കൊണ്ടു പോയി. വിവാഹം കഴിഞ്ഞതിനു ശേഷം യുവതിയെ ഭർത്താവ് ഉപേക്ഷിച്ചു പോയതായിരുന്നു. മറ്റു മാർഗ്ഗമില്ലാതെയാണ് യുവതി ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചത്. ആശുപത്രിയിൽ എത്തിച്ച അമ്മയ്ക്കും കുട്ടിക്കും അവശ്യമായ സാധനങ്ങളും വാങ്ങി നൽകിയതിന് ശേഷമാണ് ആ പോലീസ് ഉദ്യോഗസ്ഥ ആശുപത്രിയില്‍ നിന്നും മടങ്ങിയത്.
വഴിയരികിൽ പ്രസവ വേദന എടുത്ത് പിടഞ്ഞ സ്ത്രീയുടെ പ്രസവം എടുത്ത രാജകുമാരി എന്ന പോലീസ് ഉദ്യോഗസ്ഥ ഇപ്പോൾ സമൂഹ മാധ്യമത്തിൽ താരമാണ്. സംഭവം വാര്ത്ത ആയി മാറിയതോടെ നിരവധി പേരാണ് ഇവരെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നത്.