രഞ്ജിതയുടെ കയ്യെത്തും ദൂരത്ത് നിന്നുമാണ് 25 കോടിയുടെ ഭാഗ്യം കൈവിട്ടു പോയത്. രഞ്ജിത എടുത്തതും സമ്മാനം അടിച്ച അതേ നമ്പർ തന്നെ ആയിരുന്നു. പക്ഷേ സീരീസ് മറ്റൊന്നായിരുന്നു എന്ന് മാത്രം. എങ്കിലും രഞ്ജിതയെ ഭാഗ്യം കൈവിട്ടില്ല. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ അടിച്ചു.
ഓണം ബംബർ അടിച്ച ടിക്കറ്റിലേക്ക് കൈ നീട്ടിയതിനു ശേഷം പെട്ടെന്ന് മനസ്സ് മാറ്റി മറ്റൊരു ടിക്കറ്റ് എടുത്ത രഞ്ജിതയെ എല്ലാവരും തിരയുന്നുണ്ടായിരുന്നു. തിരുവനന്തപുരം പഴവങ്ങാടി ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത വീ നായർ എന്ന 39 കാരി. രഞ്ജിതയും സഹോദരി രഞ്ജുഷയും ചേർന്നാണ് ഈ ടിക്കറ്റ് എടുത്തത്. ആദ്യമായിട്ടാണ് ഇരുവരും ലോട്ടറി ടിക്കറ്റ് എടുക്കുന്നത്.
ജോലി കഴിഞ്ഞതിനു ശേഷം വീട്ടിലേക്ക് പോകുന്ന വഴിയാണ് ഭഗവതി ഏജൻസിയിൽ എത്തി ലോട്ടറി എടുത്തത്. ടിക്കറ്റ് നോക്കിയപ്പോൾ ഒരേ നമ്പർ ആണ് കണ്ടത്. ഒന്നാം സമ്മാനം ലഭിച്ച TJ 75 0605 കണ്ടെങ്കിലും അപ്പോൾ അത് എടുക്കാൻ തോന്നിയില്ല. പകരം TG 750605എന്ന നമ്പറാണ് എടുത്തത്. ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് എടുത്തതിനു ശേഷം ടിക്കറ്റ് തിരിച്ചു വയ്ക്കുന്ന ദൃശ്യം വാർത്താ മാധ്യമങ്ങളിൽ വന്നതോടെ ഈ കൈകൾ ആരുടേതാണെന്ന് അന്വേഷണം ഉണ്ടായി.
വീട്ടിലെ എല്ലാവരും ഒരുമിച്ചിരുന്നാണ് ഇത്തവണത്തെ ഫലപ്രഖ്യാപനം കണ്ടത്. ടിക്കറ്റ് എടുത്ത് പരിശോധിച്ചപ്പോഴാണ് സമാശ്വാസ സമ്മാനമാണ് തനിക്ക് ലഭിച്ചത് എന്ന് അറിയാൻ കഴിഞ്ഞത്. ഒന്നാം സമ്മാനം ലഭിക്കാത്തതിൽ വിഷമമില്ലെന്നും തന്റെ അനുജത്തി നിർബന്ധിച്ചത് കൊണ്ടാണ് ടിക്കറ്റ് എടുക്കാൻ പോയതെന്നും രഞ്ജിത പറയുന്നു. ലഭിച്ച തുക അനുജത്തിയുമായി പങ്കു വയ്ക്കുമെന്നും രഞ്ജിത കൂട്ടിച്ചേർത്തു. രഞ്ജിത സ്വർണ്ണം പണയം വച്ച് സ്കൂട്ടർ വാങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഇനി ആ സ്വർണ്ണം തിരിച്ചെടുക്കാം എന്ന സന്തോഷത്തിലാണ് രഞ്ജിത. സമ്മാനം പ്രഖ്യാപിച്ചു മണിക്കൂറുകൾ കഴിയുന്നതിനു മുമ്പ് തന്നെ സമാശ്വാസ സമ്മാനം രഞ്ജിതയുടെ അക്കൗണ്ടിലേക്ക് ലോട്ടറി വകുപ്പ് കൈമാറി. നികുതി കഴിച്ചുള്ള 315000 രൂപയാണ് അക്കൗണ്ടിൽ എത്തിയത്.