തനിക്ക് കിട്ടിയ മൂന്നു ലക്ഷം ദിർഹത്തിന്റെ ഭാഗ്യ സമ്മാനം അതിനായി പണം മുടക്കിയ യു എ ഇ സ്വദേശിക്ക് നൽകി അജ്മാനിലെ മലയാളിയായ പ്രവാസി. തന്നെയാണ് ഭാഗ്യം കടാക്ഷിച്ചതെങ്കിലും അതിനായി പണം മുടക്കിയ ആള് താൻ അല്ലെന്ന് പറഞ്ഞാണ് ഫയാസ് തനിക്ക് ലഭിച്ച ഭീമമായ തുക എമറാത്തി വനിതയ്ക്ക് തിരികെ നൽകിയത്. ഫയാസ് കോഴിക്കോട് വടകര കോട്ടപ്പള്ളി സ്വദേശിയാണ്. അജ്മാനിലെ ഒരു ഷൂ ഷോപ്പിൽ സെയിൽസ്മാനായി ജോലി നോക്കുകയാണ് ഫയാസ്. അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിൽ മൂന്നു ലക്ഷം ദിർഹം അടിച്ചത് ഫയാസ് എടുത്ത ടിക്കറ്റിനായിരുന്നു. ഈ തുക ഫയാസ് തന്‍റെ ബാങ്ക് അക്കൗണ്ടിൽ സ്വീകരിച്ചതിനു ശേഷം മുഴുവൻ തുകയും ദുബായിലുള്ള തന്റെ സുഹൃത്തായ എമിറാത്തി സ്വദേശിനിക്ക് കൈമാറി.
ഈ എമറാത്തി വനിത ഫയാസിന്റെ അമ്മാവന് സമീറിന്റെ സഹപ്രവർത്തകയാണ്. സമീറിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് സമ്മാനത്തിന് അർഹമായ ടിക്കറ്റ് വാങ്ങിയത്. ഒരു വർഷത്തോളമായി മിക്കപ്പോഴും ഇവർ ഇത്തരത്തിൽ ടിക്കറ്റ് വാങ്ങാറുണ്ട്. മലയാളികൾ പൊതുവെ ഭാഗ്യവാന്മാരാണ് എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് ഇത്തരത്തില്‍ തന്‍റെ പേരില്‍ ടിക്കറ്റ് എടുത്തതെന്ന് ഫയാസ് പറയുന്നു. നിയമപരമായി ഈ സമ്മാനം ഫയാസിലാണ് അവകാശപ്പെട്ടത്. ഫയാസിന്റെ അക്കൗണ്ടിലേക്കാണ് ഈ തുക അധികൃതർ കൈമാറിയത്. സമ്മാനം കിട്ടിയ കാര്യം രഹസ്യമാക്കി വച്ചാല്‍ പോലും അത് വിദേശി വനിത അറിയില്ല എന്നിരിക്കെ അതിന് ഫയാസ് ഒരുക്കമായിരുന്നില്ല. കാണിക്കുന്നത് വലിയ അബദ്ധമാണെന്ന് പല സുഹൃത്തുക്കളും പറഞ്ഞെങ്കിലും തന്റെ മനസ്സാക്ഷി അതിന് അനുവദിക്കുന്നില്ല എന്നും തന്നിൽ അവർ അർപ്പിച്ച വിശ്വാസത്തിന് 3 ലക്ഷം ദിർഹത്തെക്കാൾ മൂല്യം ഉണ്ടെന്നും ഫയാസ് പറയുന്നു.