മരിച്ചു എന്ന് കരുതി സംസ്കാരം നടത്തി മൂന്നു ദിവസത്തിനു ശേഷം വൃദ്ധ വീട്ടിൽ തിരികെ എത്തി. ചെന്നൈ അംബേദ്കർ നഗർ സ്വദേശി ചന്ദ്രയാണ് സംസ്കാരം നടന്നു മൂന്നു ദിവസത്തിനു ശേഷം വീട്ടിലേക്ക് തിരികെ വന്നത്. ഏതാനും ദിവസങ്ങൾ മുമ്പാണ് ചന്ദ്രിയുടേത് എന്ന് കരുതി ഒരു മൃതദേഹം വീട്ടിൽ കൊണ്ടുവന്ന് കുടുംബാംഗങ്ങൾ ഉപചാരപൂർവ്വം സംസ്കരം നടത്തിയത്.
മരിച്ചു എന്ന് കരുതി സംസ്കരിച്ച സ്ത്രീ തിരികെ വന്നത് കൊണ്ട് തന്നെ ഇപ്പോൾ സംസ്കരിച്ചിരിക്കുന്നത് ആരുടെ മൃതദേഹം ആണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ക്ഷേത്രത്തിൽ തൊഴാനായിട്ടാണ് ചന്ദ്ര പോയത്. എന്നാൽ അമ്പലത്തിൽ പോയി തിരിച്ചു വരേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനാൽ വീട്ടുകാർ ആകെ പരിഭ്രാന്തരായി. അംബലത്തിലും പരിസര പ്രദേശത്തും തിരക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടർന്ന് വിവരം പോലീസിൽ അറിയിച്ചു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തീവണ്ടി ഇടിച്ച് വയോധിക മരിച്ചു എന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഈ മൃതദേഹം ചന്ദ്രയുടെതാണെന്ന് കുടുംബങ്ങൾ സ്ഥിരീകരിച്ചു. ചന്ദ്രയുടേതാണെന്ന് കരുതി വീട്ടുകാർ ഏറ്റുവാങ്ങി സംസ്കരിക്കുകയും ചെയ്തു. സംസ്കാരം നടത്തി മരണാനന്തര ചടങ്ങുകൾ നടന്നു വരുന്നതിനിടെയാണ് ചന്ദ്ര വീട്ടിലേക്ക് തിരികെ എത്തിയത്.
ക്ഷേത്രത്തിലിരിക്കുന്നതിനിടെ അടുത്തുള്ള ക്ഷേത്രത്തിൽ സന്ദർശനം നടത്താൻ തോന്നിയെന്നും അതിനായി പോയതായിരുന്നു താനെന്നുമാണ് വീട്ടില്‍ തിരികെ എത്തിയ ചന്ദ്ര പറഞ്ഞത്. മരിച്ച സ്ത്രീയും ചന്ദ്രയും ഒരേ നിറത്തിലുള്ള സാരിയായിരുന്നു ധരിച്ചിരുന്നത്. തീവണ്ടിയുടെ അടിയിൽപ്പെട്ട് മരിച്ച സ്ത്രീയുടെ തല ചതഞ്ഞതിനാൽ മുഖം വ്യക്തമായിരുന്നില്ല. ഇതാണ് മരിച്ചത് ചന്ദ്രയാണെന്ന് കരുതാൻ കാരണം. ഏതായാലും ചന്ദ്ര തിരികെ എത്തിയതോടെ സംസ്കരിച്ച മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.