തിരുവോണം ബമ്പർ അടിച്ചതോടെ വീട്ടിൽ കയറാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അനൂപും കുടുംബവും. ആദ്യം നല്ല സന്തോഷം ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ അത്രത്തോളം സന്തോഷമില്ലെന്ന് അനൂപിന്റെ ഭാര്യ മായ പറയുന്നു.
സഹായം ചോദിച്ചു വരുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടി വരികയാണ്. അനൂപിന് ഇപ്പോൾ വീട്ടിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയാണ്.
എന്തെങ്കിലും സഹായം ചെയ്യാമോ എന്നല്ല ചോദിക്കുന്നത് പണം വേണമെന്ന് നിർബന്ധിക്കുകയാണ് പലരും. 25 ലക്ഷവും മുപ്പതു ലക്ഷവും ചോദിക്കുന്നവരുണ്ട്. ഇതുവരെ കയ്യിൽ പണം കിട്ടിയിട്ടില്ലന്ന് പറയുമ്പോൾ ആരും വിശ്വസിക്കുന്നില്ല. ചോദിക്കുന്നവരോട് സമാധാനം പറഞ്ഞു താനും ഭർത്താവും മടുത്തുവെന്നും ഈ ഒരു കാരണം കൊണ്ട് തന്നെ അനൂപ് വീട്ടിലേക്ക് എത്തുന്നത് രാത്രിയാകുമ്പോഴാണെ ന്നും മായ പറയുന്നു.
എല്ലാവരും നേരെ വീട്ടിലേക്കാണ് എത്തുന്നത്. രാത്രി 12 മണിക്ക് പോലും ആളുകൾ വരുന്നു. ഫോണിലൂടെയും നിരവധിപേർ വിളിക്കുന്നുണ്ട്. ലോട്ടറി അടിച്ചതോടെ മനസമാധാനം ഇല്ലാത്ത അവസ്ഥയായി. ഇതുവരെ പണം കിട്ടിയില്ലെന്ന് പറഞ്ഞിട്ട് ആർക്കും മനസ്സിലാകുന്നില്ല.
പണം കയ്യിൽ വന്നാൽ പാവപ്പെട്ടവരെ സഹായിക്കാൻ തയ്യാറാണ്. പക്ഷേ ഇത്രയും വലിയ തുക എങ്ങനെയാണ് കൊടുക്കാൻ കഴിയുക എന്ന് മായ ചോദിക്കുന്നു. നാലു മക്കളും ഡോക്ടർ ആയവർ വരെ കടം ചോദിച്ചുവരുന്നു. പണമുള്ളവർ ഉൾപ്പെടെ വന്ന് സമാധാനം കെടുത്തുകയാണെന്ന് അനൂപിന്റെ അമ്മ പറയുന്നു.
പണം വാങ്ങിയ പോകൂ എന്ന രീതിയിലാണ് പലരും വരുന്നത്. പണം ചോദിച്ചു വരുന്നവർ പോകാതിരിക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ടാണ്. പണം കിട്ടിയപ്പോൾ അഹങ്കാരം ആയി എന്നും ചിലർ പറയുന്നു. ബുദ്ധിമുട്ടുള്ളവരെ സഹായിക്കും പക്ഷേ അതിനു മുൻപ് ഇവർ പറയുന്നത് സത്യമാണോ എന്ന് പരിശോധിക്കും. പണം കിട്ടാൻ 60 ദിവസത്തെ കാലാവധിയുണ്ട് അതിനുള്ളിൽ എപ്പോൾ വേണമെങ്കിലും പണം കിട്ടാമെന്നും മായ പറയുന്നു.