ഇത്തവണത്തെ തിരുവോണം ബമ്പർ ജേതാവ് അനൂപിന്റെ വീട്ടിൽ സഹായം അഭ്യർത്ഥിച്ചു എത്തുന്നവരുടെ ക്യൂവാണ്. ഇതുമൂലം വീട്ടിൽ കയറാൻ പോലും പ്രയാസപ്പെടുകയാണ് അനൂപ്. എന്നാൽ ഇത് ഇവിടം കൊണ്ട് ഒന്നും തീരാൻ പോകുന്നില്ലെന്ന് മുന്നറിയിപ്പ് നൽകുകയാണ് മൂന്ന് പ്രാവശ്യം ലോട്ടറി അടിച്ച തകഴി സ്വദേശി മനോഹരൻ.
2016 2017 2018 വർഷങ്ങളിലാണ് മനോഹരൻ ലോട്ടറി അടിക്കുന്നത്. ആദ്യം 65 ലക്ഷവും തൊട്ടടുത്ത വർഷങ്ങളിൽ 70 ലക്ഷം രൂപയുമാണ് അടിച്ചത്. മനോഹരന് ഇതുവരെ ഒരു കോടി 20 ലക്ഷം രൂപയോളം ലോട്ടറിയിലൂടെ കിട്ടിയിട്ടുണ്ട്. താൻ ഒരു ദിവസം 4000 രൂപയുടെ വരെ ടിക്കറ്റ് എടുക്കും എന്നു മനോഹരൻ പറയുന്നു.
ലോട്ടറി അടിച്ച വിവരമറിഞ്ഞ് സഹായം അഭ്യർത്ഥിച്ച് കോഴിക്കോട് നിന്ന് പോലും ആളുകൾ എത്തിയിട്ടുണ്ടെന്ന് മനോഹരൻ പറയുന്നു. ലോട്ടറി അടിച്ചു പണം കൊണ്ട് സ്ഥലം വാങ്ങുകയും കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുകയും ചെയ്തു. സമ്മാനം ലഭിച്ചപ്പോൾ നിരവധി പേരാണ് സഹായം ചോദിച്ചു വന്നിട്ടുള്ളത്. ശരിക്കും വട്ടായി പോകുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നതെന്ന് മനോഹരൻ ഓർക്കുന്നു.
അനൂപിന്റെ കാര്യം ഇനി എന്താകുമെന്ന് ദൈവത്തിന് അറിയാമെന്നും നിരന്തരം ആളുകൾ സഹായം ചോദിച്ചു വരുമ്പോൾ നമ്മുടെ കൺട്രോൾ പോകുമെന്നും എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതി ആകും എന്നും മനോഹരൻ പറയുന്നു. ഇപ്പോൾ നൂറുകണക്കിന് പേര്‍ അനൂപിനെ സന്ദർശിക്കുന്നുണ്ടാകും.
പല ബന്ധുക്കളും സഹായം ചോദിച്ചവരും ഇതുതന്നെ ശത്രുക്കൾ ഉണ്ടാകാൻ കാരണമാകും. മനസമാധാനം പോകും. പണം കടമായി കൊടുത്താൽ പോലും ആളുകൾ തിരിച്ചു തരില്ല. ലോട്ടറി അടിച്ച കാശല്ലേ എന്ന് പറഞ്ഞ് പിന്നീട് തിരിച്ചു തരില്ല. താന്‍ ലോട്ടറി എടുക്കുന്നതിന് ഒരു കണക്ക് കൂട്ടല്‍ ഉണ്ടെന്നും മനോഹരന്‍ പറയുന്നു.