അച്ഛന് കടബാധ്യതയില്‍ കഷ്ടപ്പെടുന്നത് കണ്ട് വീട്ടുകാർ അറിയാതെ കോഴിക്കോട് നിന്നും മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്ത് എത്തിയ പ്ലസ് വൺ വിദ്യാർഥിയെ ആശ്വസിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റ്യാടി സ്വദേശിയായ ദേവാനന്ദ് ആണ് കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് എത്തിയത്. ക്ലിഫ്ഹൗസിന്റെ മുന്നിൽ ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി അവിടെ ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. ആദ്യം ഒന്നു പരിഭ്രമിച്ച പോലീസ് ഉദ്യോഗസ്ഥർ പിന്നീട് വിവരം മ്യൂസിയം പോലീസിനെ അറിയിച്ചു. മ്യൂസിയം പോലീസെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി വിവരം ചോദിച്ചു മനസ്സിലാക്കി. ഇതോടെയാണ് പ്ലസ് വൺ വിദ്യാർഥിയായ ദേവാനന്ദൻ നടത്തിയത് ഒരു സാഹസിക യാത്രയായിരുന്നു അന്ന് പോലീസ് തിരിച്ചറിയുന്നത്.
ദേവാനന്ദന്റെ പിതാവ് ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും പണം വായ്പ എടുത്തിരുന്നു. തിരിച്ചടവ് തുടങ്ങിയതോടെ സ്ഥാപനത്തിൽ നിന്നും ഭീഷണി ഉയർന്നു. വീട്ടിലെ സമാധാനം നഷ്ടപ്പെട്ടു. ഇതോടെയാണ് ദേവാനന്ദ് മറ്റാരും അറിയാതെ ട്രെയിൻ കയറി തമ്പാനൂരിൽ എത്തിയത്. മുഖ്യമന്ത്രിയെ നേരിൽകണ്ട് തന്റെ വിഷമം പറയുകയായിരുന്നു ലക്ഷ്യം.
കോഴിക്കോട് നിന്നും ഒരു വിദ്യാർത്ഥി മുഖ്യമന്ത്രിയെ കാണാൻ എത്തിയ കാര്യം പോലീസ് മുഖ്യമന്ത്രിയുടെ ഓഫീസിലെ അറിയിച്ചിരുന്നു. കുട്ടിയുടെ പിതാവ് രാജീവിനും കുട്ടി തിരുവനന്തപുരത്ത് എത്തിയ വിവരം അറിയിച്ചിരുന്നു. പോലീസ് അറിയിച്ചത് പ്രകാരം ദേവാനന്ദിന്റെ അച്ഛൻ അടുത്ത ദിവസം രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തി. രണ്ടുപേർക്കും ഉള്ള ഭക്ഷണവും താമസക്കാനുള്ള സൗകര്യവും പോലീസ് ഒരുക്കി നൽകി. പിന്നീട് രാവിലെ 11 മണിയോടെ മുഖ്യമന്ത്രി അച്ഛനെയും മകനെയും സെക്രട്ടറിയേറ്റിൽ ഉള്ള ഓഫീസിലേക്ക് വിളിച്ചു വരുത്തി. മുഖ്യമന്ത്രി തന്നെ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഒടുവിൽ കടം തീർക്കുന്നതിന് ഇടപെടാം എന്ന ഉറപ്പ് മുഖ്യമന്ത്രി നൽകി. ഇനി വീട്ടുകാർ അറിയാതെ വീടുവിട്ട് പോകരുതെന്ന് ഉപദേശിക്കുകയും ചെയ്തു. ദേവാനന്ദിനെയും അച്ഛനെയും പോലീസ് തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതും.