23 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുമ്പോൾ കൃഷ്ണകുമാറിന്റെ മനസ്സിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു. വീടിനോട് ചേർന്ന് സ്വന്തമായി ഒരു സംരംഭം തുടങ്ങുക. ചെറുപ്പം മുതൽ തന്നെ വീട്ടിൽ പശുക്കൾ ഉണ്ടായിരുന്നതുകൊണ്ട് അത് തന്നെ തുടങ്ങാം എന്ന് കൃഷ്ണകുമാർ ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു.
2014ല്‍ പശുക്കളുമായി തുടങ്ങിയ കൃഷ്ണകുമാറിന്റെ ഫാമില്‍ ഇപ്പോൾ 200ൽ അധികം പശുക്കൾ ഉണ്ട്. വീടിന്റെ സമീപത്ത് നിർമ്മിച്ചിരിക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ ഫാമിൽ വളരെ ശാസ്ത്രീയമായാണ് കന്നുകാലി പരിപാലനം നടന്നു വരുന്നത്.
ഫാമിനുള്ളിൽ ഫാനുകളും, അതുപോലെ തന്നെ താപനില ക്രമീകരിക്കുന്നതിന് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഉണങ്ങിയ പുല്ല് കത്തിച്ചു പുക ഉണ്ടാക്കിയാണ് കൊതുകിന്റെ ശല്യത്തെ ചെറുക്കുന്നത്.
ഈ ഫാമിൽ ഇപ്പോൾ 12 ജോലിക്കാരുണ്ട്. എല്ലാ ദിവസവും പുലർച്ചെ 3 മണിയോടെ ആരംഭിക്കുന്ന ജോലികൾ ഉച്ചയോടെയാണ് അവസാനിക്കുന്നത്. വിവിധ ഇനങ്ങളില്‍ പെടുന്ന പശുക്കള്‍ ഈ ഫാമിളുണ്ട്. ജേഴ്സി , വെച്ചൂർ , നാടൻ പശുക്കൾ , എരുമകള്‍ എന്നിവയും ഈ ഫാമിൽ ഉണ്ട്. കറവപ്പശുക്കൾ മാത്രം 80 എണ്ണമുണ്ട്. ഒരു ദിവസം 900 ലിറ്റർ വരെ പാൽ ലഭിക്കുമെന്ന് കൃഷ്ണാകുമാര്‍ പറയുന്നു. പ്രദേശ വാസികൾക്ക് നൽകിയതിനു ശേഷം ബാക്കിവരുന്ന പാൽ മിൽമ സൊസൈറ്റിക്ക് നൽകുകയാണ് ചെയ്യുന്നത്.
പശുവിന്റെ ചാണകവും മൂത്രവും സംസ്കരിച്ച് ജൈവ വളം ഉണ്ടാക്കുക്കുന്നതിനുള്ള ഒരു ആധുനിക പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ കൃഷ്ണകുമാർ. ക്ഷീര കര്‍ഷകനുള്ള നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള കൃഷ്ണാകുമാറിന് എല്ലാ പിന്തുണയും നല്‍കുന്നത് ഭാര്യ മായയും മകള്‍ കര്‍ത്തികയുമാണ്.