ഇന്ത്യൻ സിനിമയുടെ ഉലകനായകനായ കമലഹാസൻ ഒരു ഇടവേളക്ക് ശേഷം വിക്രം എന്ന ചിത്രത്തിലൂടെ അത്യന്തം ഗംഭീരമായ ഒരു മടങ്ങി വരവാണ് നടത്തിയിരിക്കുന്നത്. 433 കോടിയോളം രൂപയാണ് ഈ ചിത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കളക്ട് ചെയ്തത്. ഇന്ത്യയിൽ നിന്ന് മാത്രം 307 കോടി രൂപ ചിത്രം നേടി എന്നാണ് വിവരം. ഇതോടെ കമലഹാസനെ വച്ച് പുതിയ പ്രോജക്ടുകൾ അണിയറയിൽ രൂപം കൊള്ളുകയാണ്.
ഇതിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഇന്ത്യന്‍ 2 ആണ്. ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ എഴുതി ചേർത്ത ചിത്രമായിരുന്നു ഇന്ത്യൻ. അതുകൊണ്ടുതന്നെ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന് കേട്ടതോടെ ആകാംക്ഷയിലാണ് ആരാധകർ. ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു വരികയാണ്. ചിത്രത്തിന് വേണ്ടി കേരളത്തില്‍ എത്തി കാജള്‍ അഗര്‍വാള്‍ കളരി പഠിക്കുന്നതിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ഇത് ശങ്കറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ്. ഈ ചിത്രത്തിൽ അഭിനയിക്കാൻ 150 കോടി രൂപയാണ് കമലഹാസൻ പ്രതിഫലമായി വാങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കമലിനെ കൂടാതെ തെന്നിന്ത്യയിലെ നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മൂന്നു മണിക്കൂർ ആയിരിക്കും ചിത്രത്തിന്റെ ദൈർഘ്യം എന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഏതായാലും ആ ദൃശ്യ വിസ്മയത്തിനു വേണ്ടി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്.