മഠത്തിന് മുന്നിൽ സത്യാഗ്രഹത്തിനു ഒരുങ്ങി സിസ്റ്റർ ലൂസി കളപ്പുര. വയനാട്ടിലെ കാരയ്ക്കാമല മഠത്തിന്റെ മുന്നിൽ സത്യാഗ്രഹം ഇരിക്കാനാണ് സിസ്റ്റർ ലൂസി തീരുമാനിച്ചിരിക്കുന്നത്.
മഠത്തിലുള്ള അധികൃതർ തന്നോട് മനുഷ്യത്വ രഹിതമായാണ് പെരുമാറുന്നതെന്നും അവരുടെ ഭാഗത്ത് നിന്നും ഉപദ്രവം തുടരുകയാണെന്നും സിസ്റ്റർ ലൂസി ആരോപിക്കുന്നു. തനിക്ക് മഠത്തിലുള്ളവർ ഭക്ഷണം പോലും നിഷേധിച്ചിരിക്കുകയാണ്. എല്ലാവരും ഉപയോഗിക്കുന്ന പ്രാർത്ഥന മുറി, തേപ്പു പെട്ടി , ഫ്രിഡ്ജ് മുതലായവ ഉപയോഗിക്കുന്നതിൽ നിന്ന് തനിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുക ആണെന്നും മഠത്തിന്റെ ഭാഗത്തു നിന്നും ഓരോ ദിവസം കഴിയുംതോറും തന്റെ നേരെയുള്ള പീഡനം കൂടിക്കൂടി വരികയാണ് എന്നുമാണ് സിസ്റ്റര്‍ ആരോപിക്കുന്നത്. ഓഗസ്റ്റിൽ തനിക്ക് അനുകൂലമായിട്ട് കോടതിവിധി വന്നിട്ട് പോലും മഠത്തിലുള്ള അധികൃതർ തന്നെ ഉപദ്രവിക്കുന്നത് തുടരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ലൂസി കളപ്പുര സമരം പ്രഖ്യാപിച്ചത്.
മഠത്തിലുള്ള അധികൃതരോ മറ്റ് കന്യാസ്ത്രീകളോ കഴിഞ്ഞ നാലു വർഷത്തോളമായി തന്നോട് സംസാരിക്കാറില്ല. മാനസികമായി പീഡിപ്പിച്ച് തന്നെ സഭയിൽ നിന്നും എങ്ങനെയെങ്കിലും പുറത്താക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോഴുള്ള കേസ് കഴിയുന്നതുവരെ മറ്റ് അന്തേവാസികളെ പോലെ മഠത്തിനുള്ളിലെ എല്ലാ സൗകര്യങ്ങളും സിസ്റ്റർ ലൂസിക്കും അവകാശപ്പെട്ടതാണ് എന്നായിരുന്നു കോടതി വിധിച്ചത്. എന്നാൽ കോടതിയുടെ വിധിയെ വകവയ്ക്കാതെ മഠത്തിന്റെ ഭാഗത്തു നിന്നും തനിക്കെതിരെ ഉള്ള ഉപദ്രവം തുടരുകയാണ് എന്ന് കാണിച്ചാണ് ലൂസി കളപ്പുര വീണ്ടും സമരത്തിന്റെ വഴി തെരഞ്ഞെടുത്തത്. സഭയ്ക്കെതിരെയുള്ള ലൂസി കളപ്പുരയുടെ തുറന്നു പറച്ചിലുകള്‍ വലിയ വിവാദമായി മാറിയിരുന്നു. ഇതോടെ വലിയൊരു വിഭാഗം സഭയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇത് പൊതു സമൂഹത്തിളടക്കം ചര്ച്ച ആയി മരുകയും ചെയ്തു.