സാറ്റര്‍ഡെ നൈറ്റ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയ യുവ നടിമാർക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. നിർമ്മാതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പോലീസ് മാളിലെത്തി സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
യുവ നടിമാരുടെ മൊഴി രേഖപ്പെടുത്താനും പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മൊഴി എടുത്തതിനു ശേഷം ആയിരിക്കും അന്വേഷണം കൂടുതല്‍ വിപുലമാക്കുക.
കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത ഗ്രേസ് ആന്റണിക്കും സാനിയ അയ്യപ്പനും എതിരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. ചലച്ചിത്ര താരങ്ങള്‍ പങ്കെടുക്കുന്നു എന്നുള്ളതുകൊണ്ട് തന്നെ വൻ ജനാവലി ആയിരുന്നു മാളിൽ തടിച്ചു കൂടിയത്. ചടങ്ങിൽ എത്തിയവരെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ നന്നേ പണിപ്പെട്ടു. പ്രമോഷന്റെ ഭാഗമായി ഉള്ള പരിപാടി കഴിഞ്ഞു മടങ്ങുന്നതിനിടയാണ് നടിമാർക്ക് നേരെ അവിടെ കൂടിയവരില്‍ ഒരാളില്‍ നിന്നും ലൈംഗികമായ അതിക്രമം ഉണ്ടായത്. സാനിയ അയ്യപ്പൻ ഒരാളെ തല്ലുന്നതിന്റെ വിഷ്വൽസ് ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്.
അറപ്പുളവാക്കുന്ന അനുഭവമാണ് ഇത്. പ്രമോഷന്റെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ പോയെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമാണെന്നും തനിക്ക് നേരിടേണ്ടി വന്നത് മരവിപ്പിക്കുന്ന അനുഭവമായിരുന്നുവെന്നും ഗ്രേസ് ആന്റണി സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു. സാനിയ അയ്യപ്പനും തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കു വെച്ചിട്ടുണ്ട്.