ഒരു പഴയ ചേതക് സ്കൂട്ടറിൽ മകൻ കൃഷ്ണകുമാറിന്റെ ഒപ്പം യാത്രയിലാണ് ചൂടാരത്നമ്മ. ഈ അമ്മയും മകനും വീടുവിട്ടിറങ്ങിയിട്ട് ഇപ്പോൾ നാല് വർഷത്തോളം ആകുന്നു. 72 കാരിയായ ചൂടാരത്നമ്മയും 44 വയസ്സുള്ള മകൻ കൃഷ്ണകുമാറും ഇതുവരെ സഞ്ചരിച്ചത് 60, 000 കിലോമീറ്റര്‍ . ഈ അമ്മയും മകനും തങ്ങളുടെ ചേതക് സ്കൂട്ടറില്‍ നേപ്പാളിലും ഭൂട്ടാനിലും മാൻമാറിലും പോയി. പരമാവധി അമ്പലങ്ങളിൽ അമ്മയെ കൊണ്ടുപോവുക എന്നതാണ് ഈ മകന്റെ ഒരേയൊരു ലക്ഷ്യം. 2018ലാണ് ഇവർ ഇരുവരും ചേര്‍ന്ന് യാത്ര പുറപ്പെടുന്നത്. ഇപ്പോൾ ഇവർ കേരളത്തിലുള്ള ക്ഷേത്രത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
കൃത്യമായ പ്ലാനിങ്ങോടെയല്ല ഇവരുടെ യാത്ര. രാത്രിയാകുന്നതിനു മുൻപ് ഏതെങ്കിലും അമ്പലത്തിലോ സന്നദ്ധ സംഘത്തിന്‍റെയോ സ്ഥാപനത്തില്‍ എത്തി അവിടെ താമസിക്കുകയാണ് പതിവ്. ഇവർ പ്രഭാത ഭക്ഷണവും അത്താഴവും മാത്രമേ കഴിക്കാറുള്ളൂ. ചായ കാപ്പി തുടങ്ങി ഇടനേരത്തുള്ള ഭക്ഷണമൊന്നുമില്ല.
കൃഷ്ണകുമാർ അവിവാഹിതനാണ്. വിവിധ കമ്പനികളിൽ ജോലി ചെയ്തതിലൂടെ തനിക്ക് ലഭിച്ച ശമ്പളത്തിൽ നിന്നും മിച്ചം വച്ച തുക അമ്മയുടെ പേരിൽ അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ട്. അതിൽ നിന്ന് ലഭിക്കുന്ന പലിശ കൊണ്ടാണ് യാത്രയുടെ ചെലവിനുള്ള പണം കണ്ടെത്തുന്നത്. ഇതുവരെ തനിക്കും അമ്മയ്ക്കും യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇല്ലെന്ന് കൃഷ്ണകുമാർ പറയുന്നു. ഇടയ്ക്ക് ചെറിയ പണികൾ വന്നതല്ലാതെ അച്ഛന്റെ പഴയ ചേതക് സ്കൂട്ടർ ഇപ്പോഴും ഉഷാറാണ്. മാതൃസേവാ സങ്കല്‍പ്പ യാത്ര എന്നാണ് ഇതിന് പേര് നല്കിയിരിക്കുന്നത്.