പോലീസ് കമ്മീഷണർ ആർ ആദിത്യയുടെ നേതൃത്വത്തിൽ വരടിയം ഇത്തപ്പാറ കോളനിയിൽ നടന്ന അദാലത്തിലേക്ക് അഞ്ചു വയസ്സുകാരൻ അതുൽ കൃഷ്ണ കയറിച്ചെന്ന് മൈക്കിലൂടെ പറഞ്ഞു. ‘എന്റെ സ്കൂളിന് മുന്നിലെ റോഡിൽ സീബ്ര ലൈൻ ഇല്ല, റോഡ് മുറിച്ചു കടക്കാൻ പറ്റുന്നില്ല’. കൊച്ചു കുട്ടിയുടെ ഈ പരാതി ഗൌരവമായി കണ്ട ഈ പ്രശ്നത്തിന് പരിഹാരം ആരാഞ്ഞ് കമ്മീഷണർ പൊതുമരാമത്ത് എൻജിനീയറിന് കത്തയപ്പിച്ചു. അധികം വൈകാതെ തന്നെ അധികാരികളുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായി. കഴിഞ്ഞ തിങ്കളാഴ്ചയോടെ സീബ്രാ ലൈനും ഹമ്പും റോഡിൽ തെളിഞ്ഞു. ഇതോടെ ഒന്നര പതിറ്റാണ്ടായി നാട്ടുകാർ അനുഭവിക്കുന്ന പ്രശ്നത്തിലാണ് പരിഹാരമായത്.
കൊടിക്കാട്ടുപറമ്പിൽ ഉണ്ണികൃഷ്ണന്റെയും അരുണയുടെയും മകൻ അതുൽ കൃഷ്ണ വരടിയം ജി യു പി സ്കൂൾ വിദ്യാർഥിയാണ്. ഓഗസ്റ്റ് 26ന് പിതാവ് ഉണ്ണികൃഷ്ണന്റെ ഒപ്പം അദാലത്തിൽ എത്തിയ അതുലിന്റെ പെട്ടന്നുള്ള ഇടപെടല്‍ അദാലത്തില്‍ എത്തിയവരിലും കണ്ടുനിന്നവരിലും കൗതുകം ജനിപ്പിച്ചു. ദിവസങ്ങൾക്കകം ഈ പ്രശ്നത്തിന് പരിഹാരം കൂടി കണ്ടതോടെ നാട്ടുകാരുടെ മുന്നില്‍ അതുല്‍ ഇപ്പോള്‍ ഹീറോയാണ്.
പലപ്പോഴും അപകട വാർത്തകൾ കാണുമ്പോൾ സ്കൂളിനു മുന്നിൽ സീബ്രാലൈൻ ഇല്ലെന്ന് അതുൽ വീട്ടിലുള്ളവരോട് പറയാറുണ്ടായിരുന്നു. ഇതേക്കുറിച്ച് അവൻ ക്ലാസ് ടീച്ചറോടും ചോദിച്ചിരുന്നു എന്ന് ഹെഡ്മിസ്ട്രെസ്സ് സിന്ധു പറയുന്നു. അച്ഛന്റെ ഒപ്പുള്ള പതിവ് യാത്രകളിൽ മറ്റ് സ്കൂളുകളുടെ മുന്നിൽ സീബ്രാ ലൈൻ ഉള്ളത് അവൻ ശ്രദ്ധിച്ചിരുന്നു. സീബ്ര ലൈൻ വേണമെന്ന് ആവശ്യമുന്നയിച്ച് ഓഗസ്റ്റ് 12ന് നെഹ്റു പാർക്കിൽ എത്തിയ അതുൽ അച്ഛനെ കൊണ്ട് പൊതുമരാമത്ത് ഓഫീസിൽ പരാതി നൽകിയിരുന്നു. ഉണ്ണികൃഷ്ണന് എഴുതാനും വായിക്കാനും അറിയാത്തതുകൊണ്ട് മറ്റൊരാളെ കൊണ്ടാണ് അദ്ദേഹം പരാതി എഴുതിപ്പിച്ചു നൽകിയത്. പിന്നീട് രണ്ടു പ്രാവശ്യം ഇതേക്കുറിച്ച് കൂടുതൽ അറിയാൻ അച്ഛന്റെ ഒപ്പം അന്വേഷണം നടത്തിയിരുന്നു. അതുലിന്റെ പിതാവ് ഉണ്ണികൃഷ്ണന് നെയ്ത്തുകാരനാണ്. കുട്ടിക്ക് നല്ല ബുദ്ധിയും പ്രതികരണശേഷിയും പക്വതയും ഉണ്ടെന്ന് ക്ലാസ് ടീച്ചറും പറയുന്നു.