ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിൽ വലിയ തോതിലുള്ള അഴിച്ചു പണി ഉണ്ടാകും എന്ന വാർത്ത കഴിഞ്ഞ കുറച്ചു നാളുകളായി ഉയർന്നു കേൾക്കുന്നുണ്ട്. കെ സുരേന്ദ്രനെ സ്ഥാനത്ത് നിന്നും നീക്കി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ കൊണ്ടുവരും എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ച് സുരേഷ് ഗോപി ഒരു അഭിമുഖത്തിൽ പങ്കെടുക്കവേ പ്രതികരിക്കുകയുണ്ടായി.
എസ്എഫ്ഐയിൽ പ്രവർത്തിച്ചപ്പോഴും ഒരു എസ്എഫ്ഐക്കാരനായിരുന്നില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തനത്തിലാണ് താല്പര്യം. നായനാര്‍ സ്വന്തം മുത്തശ്ശനോ വല്യച്ഛനോ ആയിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു. പിന്നീട് കുറച്ചെങ്കിലും സ്നേഹമുള്ളത് അച്ചുമാമനോടാണ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിൽ പോയത് രാഷ്ട്രീയം നോക്കിയല്ല, ആത്മാർത്ഥമായി ആണ് അതില്‍ പങ്കെടുത്തത്.
തന്നെക്കുറിച്ച് ചിലർ താൻ പണ്ട് കോൺഗ്രസ് ആയിരുന്നു എസ്എഫ്ഐ ആയിരുന്നു എന്നൊക്കെ പറയുന്നുണ്ട് അവർക്ക് എന്തറിയാമെന്ന് സുരേഷ് ഗോപി ചോദിക്കുന്നു. താന്‍ ഉമ്മൻചാണ്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടോ എന്നു അദ്ദേഹവും അദ്ദേഹത്തിന്റെ മകളും പറയണം. നിർണായകമായ ഒരു സാഹചര്യത്തിൽ താൻ പങ്കാളിയായിരുന്നോ എന്ന് എ കെ ആന്റണി പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യത്തിന് വളരെ നിർണായകമായ ഒരു സാഹചര്യം വന്നപ്പോഴാണ് ചേരേണ്ടിടത്ത് ചേർന്നത്, അത് രാഷ്ട്രീയക്കാരനായല്ല. അഡ്മിനിസ്ട്രേഷന്റെ ഭാഗമായിട്ടാണ് അതില്‍ ചേർന്നത്.
ഉക്രൈൻ വിഷയത്തിൽ തന്നെക്കൊണ്ട് കഴിയുന്ന സഹായം നിരവധി പേർക്ക് ചെയ്തിട്ടുണ്ട്. അതിൽ ആരും രാഷ്ട്രീയമോ നിറമോ ആശയങ്ങളോ കാണരുതെന്നും സുരേഷ് ഗോപി പറഞ്ഞു. ഭരണകക്ഷിയുടെ ഒപ്പം പ്രവർത്തിച്ചിരുന്നപ്പോഴും ജനസേവകനായിരുന്നു. അപ്പോള്‍ എന്തിനാണ് അധികാരമെന്ന് ചോദിച്ചാൽ അധികാരം ഉണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ ചെയ്യാൻ കഴിയൂ എന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
താൻ ഒരിക്കലും ബിജെപിയുടെ അധ്യക്ഷൻ ആകില്ല. തന്റെ നേതാക്കൾ കേരളത്തിലല്ല ഡൽഹിയിലും ഗുജറാത്തിലും യുപിയിലും മഹാരാഷ്ട്രയും ഹിമാചൽ പ്രദേശിലുമാണ് ഉള്ളത്. അവർ പറഞ്ഞാൽ പോലും താൻ അത് അനുസരിക്കില്ലന്നു സുരേഷ് ഗോപി പറയുന്നു.
ഹൃദയം പൊളിച്ചു കാണിച്ചാലും കാശ്മീരി മുളകാണ് എന്ന് പറഞ്ഞാൽ എന്ത് ചെയ്യും എന്ന് സുരേഷ് ഗോപി ചോദിക്കുന്നു. അത്തരത്തിലുള്ള ഒരു രാഷ്ട്രീയക്കാരൻ ആകാൻ ഒരിക്കലും താല്പര്യം ഇല്ല. നിർവഹണത്തിൽ നിൽക്കുന്ന ഉത്തരവാദിത്വമുള്ള ഒരാളായി ജീവിക്കാനാണ് ഇഷ്ടം. 14 ജില്ലകളിലെ അധ്യക്ഷന്മാരുമായി മാസത്തിൽ 28 ദിവസവും കെട്ടിപ്പിടിച്ചു നൽകാൻ തന്നെക്കൊണ്ട് കഴിയില്ലന്നും സുരേഷ് ഗോപി തുറന്നടിച്ചു.