ബീഹാറിലെ മുസാഫർപൂർ ജില്ലയിലെ ഖത്ര ബ്ലോക്കിലുള്ള സോഹാപൂർ എന്ന ഗ്രാമം കഴിഞ്ഞ ദിവസം ആഘോഷത്തിൽ മതിമറന്നു. ഗ്രാമവാസികൾ എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. സംഭവമെന്താണെന്നല്ലേ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ആദ്യമായി ഈ ഗ്രാമത്തിൽ നിന്നും ഒരാൾക്ക് സർക്കാർ ജോലി ലഭിച്ചു എന്നതാണ് ഗ്രാമീണരെ ഇത്രയധികം സന്തോഷിപ്പിച്ചത്. രാകേഷ് കുമാർ എന്ന 25കാരനാണ് ഈ ഗ്രാമത്തിലെ ആദ്യത്തെ സർക്കാർ ഉദ്യോഗസ്ഥൻ. പ്രൈമറി സ്കൂൾ അധ്യാപകനായിട്ടാണ് ഇദ്ദേഹത്തിന് ജോലി കിട്ടിയത്.
കഴിഞ്ഞ 75 വർഷത്തോളമായി രാകേഷിന്റെ ഗ്രാമത്തിൽ നിന്നും ആർക്കും സർക്കാർ ജോലി കിട്ടിയിട്ടില്ല, അതുകൊണ്ടുതന്നെ സർക്കാർ ജോലി തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു എന്നു രാകേഷ് പറയുന്നു. കഠിന പരിശ്രമത്തിലൂടെയാണ് രാകേഷ് ഈ നേട്ടം കൈയെത്തിപ്പിടിച്ചത്. ജീവിതത്തിലെ പ്രതികൂലമായ പ്രതിസന്ധികളോട് പടവെട്ടി ആണ് രാകേഷ് സർക്കാർ സർവീസിൽ കയറിയത്. 19 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് രാകേഷിന് തന്റെ പിതാവിനെ നഷ്ടപ്പെട്ടത്. അതോടെ പഠനത്തിനും ജീവിതച്ചിലവിനും വരുമാനം കണ്ടെത്താൻ രാകേഷ് ബുദ്ധിമുട്ടി. ഒടുവിൽ പ്രദേശത്തെ കൊച്ചുകുട്ടികൾക്ക് ട്യൂഷൻ അടുത്താണ് വീട്ടു ചിലവിനും പഠനത്തിനുമുള്ള പണം രാകേഷ് കണ്ടെത്തിയത്. കഠിനാധ്വാനം ചെയ്തിട്ടാണെങ്കിലും താൻ സ്വപ്നം കണ്ട സർക്കാർ ജോലി നേടാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് രാകേഷ്. ഒരുപക്ഷേ രാകേഷിനെക്കാൾ ആ ഗ്രാമവാസികളാണ് അത് ശരിക്കും ആഘോഷിച്ചത് എന്ന് പറയാം. തങ്ങളുടെ പ്രിയപുത്രൻ പുതിയ തലമുറയ്ക്ക് പ്രചോദനമാകുമെന്നും എല്ലാവരും രാകേഷിന്റെ പാത പിന്തുടർന്ന് ഉയരങ്ങളിൽ എത്തണമെന്നും ഗ്രാമവാസികള്‍ പറയുന്നു.