തൃശ്ശൂർ മുല്ലശ്ശേരി മധുക്കര സ്വദേശിയായ രാമചന്ദ്രൻ എന്ന ബാങ്ക് ജീവനക്കാരൻ ജ്വല്ലറി ബിസിനസ്സിലേക്ക് ഇറങ്ങി സെൽഫ് ബ്രാന്‍റിംഗ് വഴി അറ്റ്ലസ് എന്ന സ്ഥാപനത്തെ ജനകീയമാക്കി മാറ്റി. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന ആ പരസ്യവാചകം വളരെ വേഗം പേര് പിടിച്ചുപറ്റി. ബിസിനസ്സിലും സിനിമയിലും ശോഭിച്ചു നിൽക്കുന്നതിനിടെയാണ് അദ്ദേഹം സാമ്പത്തിക ഇടപാടുകളിൽ വന്ന അശ്രദ്ധമൂലം ഭീമമായ കടക്കെണിയില്‍ അകപ്പെടുന്നത്. പ്രൗഢമായ ജീവിത സാഹചര്യത്തിൽ നിന്നും പെട്ടെന്നൊരു ദിവസമാണ് ഇരുളടഞ്ഞ ജയിൽ മുറിയുടെ ഏകാന്തതയിലേക്ക് അദ്ദേഹം ഒറ്റപ്പെടുന്നത്.
ബാങ്കിൽ നിന്നുമെടുത്ത വായ്പ അടയ്ക്കാൻ മറ്റു ബാങ്കുകളിൽ നിന്നും വായ്പ എടുത്തത് അദ്ദേഹത്തെ വലിയൊരു സാമ്പത്തിക ബാധ്യതയിൽ കൊണ്ടെത്തിച്ചു. ദുബായിലുള്ള എല്ലാ സൗകര്യങ്ങളും ഉള്ള ആഡംബര ഫ്ലാറ്റിൽ നിന്നും ഷാർജയിലെ ഒരു ചെറിയ ഫ്ലാറ്റിലേക്ക് അറ്റ്ലസ് രാമചന്ദ്രന് മാറേണ്ടി വന്നു. എന്നും സഫാരി സ്യൂട്ടും തിളങ്ങുന്ന വസ്ത്രങ്ങളും ധരിച്ചിരുന്ന അദ്ദേഹത്തിന് പിന്നീട് അത്തരത്തിലുള്ള ഒരു വസ്ത്രം വാങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ല. പഴയ വസ്ത്രങ്ങൾ ആയിരുന്നു അദ്ദേഹം കൂടുതലായി ഉപയോഗിച്ചിരുന്നതെന്ന് അടുപ്പമുള്ളവർ പറയുന്നു. 15 വർഷത്തിലധികം പഴക്കമുള്ള വസ്ത്രമാണ് അദ്ദേഹം ജയിലിൽ നിന്നും ഇറങ്ങിയതിനു ശേഷം ധരിച്ചിരുന്നത്. പുതിയത് വാങ്ങാനുള്ള ശേഷി അപ്പോഴേക്കും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. സ്വന്തമായി യാത്ര ചെയ്യുന്നതിന് ഒരു വാഹനം പോലും ഇല്ലായിരുന്നു. പലരും നൽകുന്ന ലിഫ്റ്റ് മുഖേനയാണ് അദ്ദേഹം മിക്ക പരിപാടികൾക്കും പോയിരുന്നത്. ദുബായിലെ ചെറിയ കൂട്ടായ്മകളിൽ പോലും അദ്ദേഹം പിന്നീട് പോയി തുടങ്ങി. അറ്റ്ലസ് വീണ്ടും തുടങ്ങാനാകും എന്ന പ്രതീക്ഷയിൽ ആയിരുന്നു അദ്ദേഹം.
ഒരു നിക്ഷേപകന്റെ സഹായത്തോടെ അറ്റ്ലസ് തുടങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ജയിലിനുള്ളിൽ തന്നെ കാണാൻ സന്ദർശകർ ആരും എത്താതിരുന്നതാണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചിട്ടുള്ളതെന്ന് ഒരിക്കൽ രാമചന്ദ്രൻ പറഞ്ഞിട്ടുണ്ട്. പൊതുവേദിയിൽ സജീവമായിരുന്ന അദ്ദേഹത്തിന് ജയിലിനുള്ളിലെ ഏകാന്തത തികച്ചും അസഹനീയമായിരുന്നു. ആരെയും വിശ്വസിക്കുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആ സ്വഭാവമാണ് തകർച്ചയിലേക്ക് വഴിവച്ചത്. അദ്ദേഹത്തിന്റെ തന്നെ സഹപ്രവർത്തകരാണ് അദ്ദേഹത്തെ വഞ്ചിച്ചത് എന്നാണ് ഏറ്റവും അടുത്തുള്ളവർ പറയുന്നത്. എന്നാൽ അവസാനം വരെ ആരെയും കുറ്റപ്പെടുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല.