സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നല്കിയ അഭിമുഖത്തിനിടയില് അവതാരകയോട് മോശമായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്കെതിരെയുള്ള നിർമാതാക്കളുടെ സംഘടനയുടെ വിലക്ക് തുടരുകയാണ്. ഈ വിഷയത്തിൽ നടൻ മാപ്പ് പറയുകയും പരാതിക്കാരി പരാതി പിൻവലിക്കുകയും ചെയ്തില്ലെങ്കിലും നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്ക് ഇതുവരെ മാറിയിട്ടില്ല. ഈ വിഷയത്തിൽ നടൻ മമ്മൂട്ടി പ്രതികരണം അറിയിച്ചിരുന്നു. ആരുടെയും അന്നം മുട്ടിക്കുന്ന നടപടി ശരിയല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇപ്പോഴിതാ ഈ സംഭവത്തിൽ നിർമ്മാതാക്കളെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറുപ്പിലൂടെയാണ് അദ്ദേഹം നിർമാതാക്കൾ ശ്രീനാഥ് ഭാസിയെ വിലക്കിയ നടപടിയെ ന്യായീകരിച്ചത്. സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ടതിനു ശേഷം രാവിലെ എത്തേണ്ട നായക നടൻ ഉച്ചയ്ക്ക് ഒരു മണിക്ക് എത്തിയാൽ അത് ഒന്നോ രണ്ടോ ദിവസം സഹിക്കാം. പക്ഷേ നിരന്തരമായി ആവർത്തിച്ചാൽ ചെറിയ ബഡ്ജറ്റിൽ ലോകോത്തര സിനിമകൾ എടുക്കുന്ന മലയാളത്തിനു അത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് അദ്ദേഹം കുറിച്ചു.
അത് അഹങ്കാരമാണ്, നിർമാതാവിന്റെയും സഹനടന്മാരുടെയും തൊഴിൽ നിഷേധിക്കലാണ്. അത് അവരുടെ അന്നം മുട്ടിക്കലാണെന്നും ഹരീഷ് പേരടി ചൂണ്ടിക്കാട്ടി. ഈ പ്രായത്തിൽ പോലും രജനികാന്തും കമലഹാസനും ചിരഞ്ജീവിയും മമ്മൂട്ടിയും സംവിധായകന്റെ സമയത്തിന് എത്തുന്നവരാണ്.
എന്തിരൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ചെന്നൈയിലെ ട്രാഫിക് ബ്ലോക്കിൽ പെട്ട രജനികാന്ത് ഒരു പോലീസുകാരന്റെ ബൈക്കിൽ കയറി സമയത്തിന് ലൊക്കേഷനിൽ എത്തിയപ്പോൾ അത് ചെന്നൈ നഗരം പോലും അത്ഭുതപ്പെട്ടുവെന്ന് ഹരീഷ് പേരടി കുറിച്ചു.
തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റായ കാര്യമാണ്. പക്ഷേ അങ്ങോട്ടും ഇങ്ങോട്ടും അങ്ങനെ ആകണമെന്നും താൻ മലയാളത്തിലെ നിർമാതാക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തിന്റെ ഒപ്പമാണെന്നും നടൻ ഹരീഷ് പേരടി കുറിച്ചു.