കാരയ്ക്കാമല കോൺവെന്റിലെ വിവേചനങ്ങൾക്കെതിരെയുള്ള സത്യാഗ്രഹം കഴിഞ്ഞ എട്ട് ദിവസത്തോളമായി തുടരുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ഭക്ഷണം ലഭിക്കുന്നില്ലെന്നും തന്റെ മുറിയുടെ വാതിലുകൾ തകർത്തതായും തനിക്ക് ലഭിക്കേണ്ട പ്രാഥമിക ആവശ്യങ്ങള്‍ പോലും നിഷേധിക്കുക ആണെന്നും കാട്ടിയാണ് സിസ്റ്റര്‍ സത്യഗ്രഹം ആരംഭിച്ചത്. പോലീസ് എത്തി ചർച്ച നടത്തിയെങ്കിലും ഇതുവരെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല.
തന്നെ മഠത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വിവേചനത്തിന് പിന്നിൽ എന്ന് സിസ്റ്റർ ലൂസി പറയുന്നു. പോലീസ് മഠത്തിൽ എത്തി മദർ സുപ്പീരിയറുമായി ചർച്ച നടത്തിയെങ്കിലും സിസ്റ്റർ ലൂസിയുടെ ആവശ്യങ്ങൾ പരിഗണിക്കാൻ ആവില്ല എന്നാണ് മദര്‍ സുപ്പീരിയര്‍ അറിയിച്ചത്.
കഴിഞ്ഞ നാലു വർഷത്തോളമായി താൻ പൊരുതുകയാണെന്നും ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും ലൂസി കളപ്പുരക്കല്‍ അറിയിച്ചു. 40 വർഷത്തോളം ഒരുമിച്ചു ജീവിച്ച ഒരാളിനോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന തീരുമാനം ഒരു ദിവസം കൊണ്ടല്ല എടുക്കേണ്ടത്. ഭക്ഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കണം. നീതി നിഷേധിക്കപ്പെട്ട കുഞ്ഞു സിസ്റ്റേഴ്സ് മഠത്തില്‍ ഉണ്ടെങ്കിൽ അവരുടെ പ്രാർത്ഥന കൊണ്ടാവാം തനിക്ക് കൂടുതൽ പോരാടാൻ ഉള്ള ഊർജ്ജം ലഭിക്കുന്നതെന്നും ഇങ്ങനെയൊന്നും ആരോടും ചെയ്യാൻ പാടില്ലെന്നും സിസ്റ്റർ ലൂസി പറയുന്നു.
കോടതിയുടെ വിധി ഉണ്ടായിട്ടും മഠത്തിലുള്ളവർ തന്നെ ഉപദ്രവിക്കുകയാണെന്നും മറ്റ് കന്യാസ്ത്രീകളും അധികൃതരും നാലു വർഷത്തോളമായി തന്നോട് സംസാരിക്കാറില്ല എന്നും നേരത്തെ സിസ്റ്റർ ലൂസി ആരോപിച്ചിരുന്നു. മാത്രമല്ല തനിക്ക് പ്രാർത്ഥന മുറിയും ഫ്രിഡ്ജ് തേപ്പുപെട്ടി ഉള്‍പ്പടെയുള്ള സൗകര്യങ്ങൾ വിലക്കിയതായും സിസ്റ്റർ ആരോപിച്ചിരുന്നു. മാനസികമായി പീഡിപ്പിച്ച് സഭയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അധികൃതരുടെ ഭാഗത്തുനിന്നും ഇത്തരം ഒരു നടപടിക്ക് ഉണ്ടാകുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ പറയുകയുണ്ടായി.