പുരുഷന്മാരെ ആലിംഗനം ചെയ്തു മോഷണം നടത്തുന്ന ഗീതാ പട്ടേൽ എന്ന യുവതി പോലീസ് പിടിയിലായി.നിരവധി പേരെ ഇവർ ഇത്തരത്തിൽ കബളിപ്പിച്ച് മോഷണം നടത്തിയതായി പോലീസ് പറയുന്നു.
72 കാരനായ മലാഡ് സ്വദേശിയിൽ നിന്നും സ്വർണ്ണമാല കവര്‍ന്ന കേസിലാണ് ഇവർ പോലീസ് പിടിയിൽ ആയിരിക്കുന്നത്. വയോധികന് കടയിൽ പോയി ഓട്ടോയിൽ തിരികെ വരുന്നതിനിടയായിരുന്നു സംഭവം. ഓട്ടോക്ക് കൈകാണിച്ച ഗീതാ ഇദ്ദേഹത്തോട് ലിഫ്റ്റ് ചോദിച്ചു. അദ്ദേഹം അതിന് അനുവദിച്ചു. തുടർന്ന് കുറച്ചു ദൂരം ഓട്ടോയിൽ യാത്ര ചെയ്ത ഇവർ ഒരു കെട്ടിടത്തിനു മുന്നിൽ എത്തി ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു. പോകുന്നതിനു മുൻപ് ഇവർ 72 കാരനെ ആലിംഗനം ചെയ്തു. ഇതിനിടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാല ഗീത മോഷ്ടിച്ചു. എന്നാൽ ഇത് വയോധികൻ അറിഞ്ഞിരുന്നില്ല. വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അദ്ദേഹം പറയുന്നത്. തുടർന്ന് ഇദ്ദേഹം മലാഡ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഗീതയെ പിടികൂടുന്നത്.
മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഗീത. നിരവധി പേരെ ഇതുപോലെ കബളിപ്പിച്ച് സ്വർണ്ണവും പണവും കവർന്നിട്ടുണ്ട്. തനിച്ചു പോകുന്നവരെയും ഓട്ടോയിൽ യാത്ര ചെയ്യുന്നവരെയും ആണ് ഇവർ സാധാരണയായി ലക്ഷ്യമെടുക്കുന്നത്. കണ്ടുമുട്ടുന്ന പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ചു അവരെ വശീകരിക്കുന്നു. പിന്നീട് അവസരം കിട്ടുമ്പോൾ അവരെ ആലിംഗനം ചെയ്തു മോഷ്ടിക്കുകയാണ് പതിവ്. ഇത്തരത്തിൽ ഇവർ നിരവധിപേരിൽ നിന്നും ഫോണും സ്വർണാഭരണങ്ങളും കവർന്നിട്ടുണ്ട്. ആലിംഗനം ചെയ്യുന്നതിനിടെയാണ് ഇവർ മോഷ്ടിക്കുന്നത്. പുരുഷന്മാരാണ് ഇവരുടെ പ്രധാന ഇര. പലരും അപമാന ഭയം കൊണ്ട് പുറത്തു പറയാറില്ല.