കൊല്ലം കൊട്ടിയം സ്വദേശിയായ യുവതിയെയും മകനെയും ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറക്കിവിട്ടതായി പരാതി. അതുല്ല്യക്കും മകനുമാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും ഈ ദുരനുഭവം ഉണ്ടായത്. അതുല്യ മകനെ സ്കൂളിൽ നിന്നും വിളിക്കാനായി വീടിന് പുറത്തിറങ്ങിയപ്പോൾ ഗേറ്റ് അകത്തു നിന്നും പൂട്ടുകയായിരുന്നു. ഒരു രാത്രി മുഴുവൻ അമ്മയും മകനും വീടിന്റെ പുറത്ത് കിടന്നു.
കോട്ടയം പോലീസ് സ്റ്റേഷനിലും കൊല്ലം കമ്മീഷണറുടെ വനിത സെല്ലിലും ചിൽഡ്രൻസ് വെൽഫെയര്‍ യൂണിറ്റിലും വിവരമറിയിച്ചെങ്കിലും തനിക്ക് അവിടെ നിന്നൊന്നും നീതി ലഭിച്ചില്ലെന്ന് അതുല്യ പറയുന്നു.
രാത്രി 11:30 വരെ ഗേറ്റിനു പുറത്തു നിന്ന അതുല്യയും മകനും നാട്ടുകാരുടെ സഹായത്തോടെയാണ് മതിൽ വഴി അകത്തു കടന്ന് സിറ്റൗട്ടിൽ ഇരുന്നത്. സിറ്റൗട്ടിലെ ലൈറ്റ് ഇട്ടപ്പോൾ ഭർത്താവിന്റെ അമ്മ അകത്തു നിന്നും മെയിൻ സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് ഇരുട്ടത്താണ് അമ്മയും മകനും വീടിന്റെ സിറ്റൗട്ടിൽ കഴിച്ചു കൂട്ടിയത്.
വിവാഹം കഴിഞ്ഞ് വന്ന് അന്നു മുതൽ സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ പീഡനമാണെന്ന് അതുല്യ പറയുന്നു. കാർ വേണമെന്ന് പറഞ്ഞു ഉപദ്രവം പതിവാണ്. തന്റെ അതേ അവസ്ഥയാണ് ജേഷ്ഠത്തിക്കും ഉള്ളതെന്നും അവർ ഇപ്പോൾ അവരുടെ വീട്ടിലാണ് താമസമെന്നും അതുല്യ പറയുന്നു.
തന്റെ കൈവശമുണ്ടായിരുന്ന സ്വർണവും പണവും ഉപയോഗിച്ചാണ് ഇപ്പോഴുള്ള വീട് നിർമ്മിച്ചത്. വീടിന്റെ പണി നടക്കുമ്പോൾ പറഞ്ഞത് മകന്റെ പഠന സമയത്ത് അത് തന്റെ പേരിൽ എഴുതി തരാം എന്നായിരുന്നു. എന്നാൽ ഈ വീട്ടിൽ താമസിക്കാൻ വന്നപ്പോൾ പറ്റില്ലെന്നും ഈ വീടും വസ്തുവും മറ്റാരുടെയോ പേരിൽ എഴുതിവെച്ചിരിക്കുകയാണ് എന്നുമാണ് അറിഞ്ഞതെന്ന് യുവതി പറയുന്നു.