മോഷണ മുതൽ തിരികെ ഉടമയെ ഏൽപ്പിച്ച കള്ളന്മാരെ കുറിച്ച് നമ്മൾ സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ അതിൽ നിന്നും വ്യത്യസ്തനായി മോഷ്ടിച്ച ബാഗിനുള്ളിൽ നിന്ന് പണം മാത്രം എടുത്തതിനു ശേഷം ബാഗും ബാഗിൽ ഉണ്ടായിരുന്ന മറ്റൊരു രേഖകളും ഉടമയ്ക്ക് തിരികെ നൽകി കള്ളൻ ‘മാതൃക’യായി. കാസർഗോഡ് പുല്ലൂരിലാണ് ഈ ‘നല്ലവനായ’ കള്ളന്റെ വേറിട്ട സത്യസന്ധത.
കാസർകോട് സ്വദേശിയായ എം ഗോവിന്ദന്റെ കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. രാത്രി കട പൂട്ടി വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് ഹെൽമറ്റ് ധരിച്ച് എത്തിയ ഒരു യുവാവ് പഴം വേണം എന്ന് പറഞ്ഞു വാഹനം കടയോട് ചേർത്ത് നിർത്തുന്നത്. ഗോവിന്ദൻ പഴം എടുക്കുന്ന തക്കം നോക്കി അവിടെയുണ്ടായിരുന്ന ബാഗുമെടുത്ത് കള്ളൻ കടന്നു കളഞ്ഞു. ബാഗിനുള്ളിൽ 4800 രൂപയും പുതിയ വീടിന്റെ താക്കോലും മറ്റു ചില രേഖകളും ഉണ്ടായിരുന്നു.
ഗോവിന്ദൻ ഉടൻതന്നെ വിവരം പോലീസിനെയും നാട്ടുകാരെയും അറിയിച്ചു. കടയിൽ ഉണ്ടായിരുന്ന സി സി ടി ദൃശ്യങ്ങളിൽ കള്ളൻ ബാഗ് എടുത്ത് കടന്നു കളയുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
അടുത്തദിവസം പതിവു പോലെ കടയുടെ മുമ്പിൽ എത്തിയ ഗോവിന്ദൻ വാതിൽ പിടിയിൽ തൂക്കിയിട്ടിരിക്കുന്ന സഞ്ചി കണ്ട് ഒന്ന് അമ്പരന്നു. സഞ്ചി പരിശോധിച്ച ഗോവിന്ദൻ ശരിക്കും ഒന്ന് ഞെട്ടി. ആ സഞ്ചിയുടെ ഉള്ളിൽ ഉണ്ടായിരുന്നത് നഷ്ടപ്പെട്ട ബാഗ് ആയിരുന്നു. ബാഗിനുള്ളിൽ പണം ഒഴികെ വീടിന്റെ താക്കോലും മറ്റു രേഖകളും ഉണ്ടായിരുന്നു. സി സി ടിവി പരിശോധനകളിൽ നിന്നും രാവിലെ കടയുടെ മുമ്പിലേക്ക് രണ്ടുപേർ നടന്നു പോകുന്നത് കാണാം. എന്നാൽ ഇവരുടെ മുഖം വ്യക്തമല്ല. പോലീസ് അന്വേഷണം തുടരുകയാണ്.