ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമാക്കിയ ഇന്ത്യയിലെ കമ്പനി നിർമ്മിച്ച ചുമയ്ക്കുള്ള നാല് മരുന്നുകളെക്കുറിച്ച് WHO മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്രസർക്കാർ ഈ കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഡോക്ടർ സുൽഫി നൂഹു. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇന്ത്യൻ നിർമ്മിത മരുന്നുകളെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചത്.
നമ്മുടെ നാട് സബ് സ്റ്റാൻഡേർഡ് മരുന്നുകളുടെ ലോകമായി മാറുന്നു എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. നമ്മുടെ നാട്ടിൽ നിന്ന് പോയ മരുന്നുകൾ കിഡ്നിക്ക് മാരകമായ അപകടമുണ്ടാക്കുന്ന ചില ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അത് ഗുരുതരമായ ഭവിഷത്തിലേക്ക് നീങ്ങുമെന്നും കണ്ടെത്തിയിരുന്നു.
ഇത് വിരല്‍ ചൂണ്ടുന്നത് നമ്മുടെ നാട്ടിൽ നിലവിലുള്ള മരുന്നുകളുടെ ക്വാളിറ്റിയെ കുറിച്ചാണ്. ഗുണനിലവാരം ഉറപ്പാക്കുന്ന സംവിധാനം ഇല്ലാത്തതാണ് ഏറ്റവും വലിയ കുഴപ്പമായി ഡോക്ടർ നൂഹ് ചൂണ്ടിക്കാട്ടുന്നത്. ഭാരതത്തിൽ വിൽപ്പന നടത്തുന്ന മരുന്നുകളിൽ വെറും രണ്ട് ശതമാനം മാത്രമാണ് പരിശോധനയ്ക്ക് വിധേയമാകുന്നത്. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണം. മരുന്നുകൾ എല്ലാം പരിശോധിക്കുകയും കോളിറ്റി ഉറപ്പാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
മരുന്നുകൾ നല്ലതാണോ ചീത്തയാണോ എന്ന് ഡോക്ടർമാരും തങ്ങളുടെ അനുഭവസമ്പത്ത് വെച്ചാണ് തീരുമാനിക്കുന്നത്. മരുന്നുകൾ ക്വാളിറ്റി ഉള്ളതാണോ എന്ന് പരിശോധിക്കുവാനുള്ള സംവിധാനം ഉണ്ടായേ മതിയാകൂ. അല്ലെങ്കിൽ ഇത്തരത്തിലുള്ള നിലവാരമില്ലാത്ത കമ്പനികളുടെ മരുന്നുകൾ കയറ്റി അയക്കപ്പെടും. അത് മനുഷ്യന്റെ ജീവനെടുക്കുമ്പോൾ മാത്രമായിരിക്കും നമ്മൾ തിരിച്ചറിയുക. മരുന്നുകൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് നിലവാരമില്ലാത്ത മരുന്നുകളെ നമ്മൾ കരുതിയിരിക്കണമെന്നും ഡോക്ടർ സുൽഫി നൂഹ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു.