കൊല്ലം കൊട്ടിയത്ത് മരുമകളെയും കുട്ടിയെയും വീടിന്റെ പുറത്താക്കി ഗേറ്റ് പൂട്ടിയ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ അതീവ ഗുരുതരമായ ആരോപണവുമായി മൂത്ത മരുമകൾ രംഗത്ത്.
അതുല്യയുടെ ഭർത്താവിന്റെ ജേഷ്ഠന്റെ ഭാര്യയായ വിമിയാണ് ഭര്‍ത്താവിന്‍റെ വീട്ടുകാർക്കെതിരെ സമാനമായ ആരോപണവുമായി എത്തിയത്. ഇത്തരത്തില്‍ ഉള്ള അനുഭവം ഭര്‍ത്താവിന്‍റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും തനിക്കും ഉണ്ടായിട്ടുണ്ടെന്നും തന്റെ സ്വർണവും പണവും കൈവശപ്പെടുത്തിയതിന് ശേഷം ഭർത്താവിന്റെ വീട്ടുകാർ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതായും വീട്ടിൽനിന്ന് ഇറക്കി വിട്ടതായും വിമി പറയുന്നു.
കഴിഞ്ഞ ദിവസമാണ് മകനെ സ്കൂളിൽ നിന്ന് വിളിക്കാൻ പോയപ്പോൾ അതുല്ല്യയെ ഭർത്താവിന്റെ വീട്ടുകാർ വീടിന് പുറത്താക്കി ഗേറ്റ് പൂട്ടിയത്. ഭർത്താവിന്റെ വീട്ടിൽ പീഡനം തുടർക്കഥയാണെന്നും സ്ത്രീധനം കുറഞ്ഞു പോയെന്നും വണ്ടി നൽകിയില്ലെന്നും പറഞ്ഞ് നിരന്തരം കുറ്റപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായും അതുല്യ പറഞ്ഞിരുന്നു. രാത്രി പതിനൊന്നാര വരെ വീടിന് പുറത്തു നിന്നു അതുല്ല്യ. ഒടുവില്‍ അതുല്ല്യയുടെയും കുട്ടിയുടെയും നേര്‍ക്ക് ഉണ്ടായ ദുഃരനുഭവത്തിൽ നാട്ടുകാർ ഇടപെട്ടിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് അതുല്ല്യ ഗേറ്റിനകത്ത് കടന്ന് വീടിന്‍റെ സിറ്റ് ഔട്ടില്‍ കയറാന്‍ ആയത്. അതുല്യ രാത്രി വീടിന്‍റെ സിറ്റ് ഔട്ടില്‍ ഇരുന്നാണ് നേരം വെളുപ്പിച്ചത്.
എന്നാൽ കൊട്ടിയം സ്റ്റേഷനിൽ ഇതേക്കുറിച്ച് വിവരമറിച്ചില്ലെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു വിധത്തിലുള്ള ഇടപെടലും ഉണ്ടായിട്ടില്ല എന്നു അതുല്യ ആരോപിച്ചിരുന്നു. അതുല്യ തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്നു കാണിച്ച് ഭർത്താവിന്റെ അമ്മ പരാതി നൽകിയിരുന്നതിനാൽ അവർക്ക് കോടതിയുടെ സംരക്ഷണം ഉള്ളതുകൊണ്ടാണ് ഈ വിഷയത്തിൽ തങ്ങൾ ഇടപെടാതിരുന്നത് എന്നാണ് പോലീസ് പറയുന്നത്.