117 കോടിയുടെ ലോട്ടറി അടിച്ചപ്പോൾ കണ്ണു മഞ്ഞളിച്ചു; ഇപ്പോൾ ഭാഗ്യവാൻ ഇരുമ്പഴിക്കുള്ളിൽ

ലോട്ടറി അടിച്ചതിലൂടെ കണ്ണടച്ച് തുറക്കുന്നതിന് മുൻപ് കോടിപതികള്‍ ആയവരെക്കുറിച്ച് പല വാർത്തകളും നമ്മള്‍ കേട്ടിട്ടുണ്ട്. ഒരു നിമിഷാർദ്ധം കൊണ്ട് ഭാഗ്യത്തിന്റെ തേരിലേറി സഞ്ചരിക്കുമ്പോൾ പലപ്പോഴും പലരും മറന്നുപോകും. ഈ മറവി അവരെ കൊണ്ടെത്തിക്കുന്നത് തീരാ ദുരിതത്തിൽ ആയിരിക്കും. ലോട്ടറി അടിച്ചതിലൂടെ ലഭിച്ച പണം കൃത്യമായി ഉപയോഗിക്കാൻ കഴിയാതെ ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തുന്നവരെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി ലോട്ടറി അടിച്ച ഭാഗ്യത്തിന്റെ ചൂട് മാറുന്നതിനു മുൻപ് ജയിലിൽ അകപ്പെട്ട ജോഷ്വ വിൻസ്‌ലെറ്റ് എല്ലാവർക്കും ഒരു പാഠമാണ്.

117 കോടിയുടെ ലോട്ടറി അടിച്ചപ്പോൾ കണ്ണു മഞ്ഞളിച്ചു; ഇപ്പോൾ ഭാഗ്യവാൻ ഇരുമ്പഴിക്കുള്ളിൽ 1

ഇയാൾ ഒരു പ്ലംബർ ആയിരുന്നു. ജീവിതം തട്ടിമുട്ടി മുന്നോട്ടുപോകുന്നതിനിടയാണ് ജോഷ്വയ്ക്ക് 22 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ, അതായത് 117 കോടി ഇന്ത്യൻ രൂപ ലോട്ടറി അടിക്കുന്നത്. എന്നാൽ ആ സൗഭാഗ്യം അയാളെ കൊണ്ടെത്തിച്ചത് ജയിലഴിക്കുള്ളിലാണ്.

2017ല്‍  കേവലം 22 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഇയാൾക്ക് ലോട്ടറി അടിക്കുന്നത്. കോടികൾ കയ്യിൽ വന്നതോടെ ആശാന്റെ കണ്ണ് മഞ്ഞളിച്ചു. ധൂർത്തും ആഡംബര ജീവിതവും പാർട്ടിയും ഒക്കെയായി ഇയാൾ ജീവിതം ആഘോഷമാക്കാൻ തുടങ്ങി. ഇയാൾ നടത്തിയ പല പാർട്ടികളിലും നിരോധിത ലഹരി മരുന്നുകൾ ഒരു ഭാഗമായി മാറി. പാർട്ടി അതിരുവിട്ടതോടെ സംഭവം പോലീസ് മണത്തറിഞ്ഞു.

 ഇയാളുടെ വീട്ടിൽ റെയ്ഡിന് എത്തിയ പോലീസിന് 2.16 ഗ്രാം കൊക്കൈനും 24.3 ഗ്രാം എംഡി എം എയും,  ലൈസൻസ് ഇല്ലാത്ത ഒരു തോക്കും പിടികൂടി. ഇതോടെ ജോഷ്വായെ പോലീസ് തൂക്കിയെടുത്ത് അകത്തിട്ടു. നിരോധിത ലഹരി വസ്തുക്കൾ ആയതുകൊണ്ട് തന്നെ ഇനിയുള്ള കുറെ വർഷങ്ങൾ ജോഷ്വയുടെ ജീവിതം ഇരുമ്പഴിക്കുള്ളിൽ ആയിരിക്കും എന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. ജോഷ്വയുടെ  ആഡംബര ജീവിതം അയാൾക്ക് ജയിലറയിലേക്കുള്ള വാതിൽ തുറന്നു കൊടുക്കുന്നതായി മാറി.

Exit mobile version