മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ട്രെയിനിന്റെ ഉള്ളിൽ വച്ച് അഭ്യാസ പ്രകടനം നടത്തിയ മൂന്നു കോളേജ് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. ഈ കൈവിട്ട കളിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാണ്. ഗുമ്മിടി പൂണ്ടി സ്വദേശികളായ രവിചന്ദ്രൻ അൻബരസ് , പൊന്നേരി സ്വദേശിയായ അരുള്‍ എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത് . ഈ വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്. ഈ പ്രതികൾ മൂന്നു പേരും പ്രസിഡൻസി കോളജിലെ വിദ്യാർഥികളാണ്. നേരത്തെയും ഇവരുടെ ഭാഗത്ത് നിന്നും സമാനമായ പ്രവര്‍ത്തികള്‍ ഉണ്ടായിട്ടുണ്ട്.
ഒൿടോബർ 9 നാണ് പ്രസ്തുത കേസിന് ആസ്പദമായ സംഭവം നടന്നത്. ഇവർ തന്നെയാണ് ഈ ദൃശ്യം സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം . ദൃശ്യങ്ങൾ നവ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ അധികാരികളുടെ ഭാഗത്ത് നിന്നും നിയമ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകമായിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്തതായി ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു. വിദ്യാർത്ഥികളുടെ ഈ കൈവിട്ട കളി ട്രെയിനിൽ ഉണ്ടായിരുന്നവരിലും മറ്റും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചത്. ഈ പ്രദേശത്തെ വിദ്യാർഥികളിൽ ഇതുപോലെയുള്ള സമാനമായ സംഭവങ്ങൾ നിരന്തരം ഉണ്ടാകുന്നത് നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു. നിയമവിരുദ്ധമായി അവനവനും മറ്റുള്ളവർക്കും അപകടം ഉണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.