കേരള സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ട നരബലിയുടെ അമ്പരപ്പിൽ നിന്നും മലയാളികൾ ഇപ്പോഴും മോചിതരായിട്ടില്ല. ഈ കേസിന്റെ ചുരുൾ അഴിച്ചത് പ്രതിയായ മുഹമ്മദ് ഷാഫി പറഞ്ഞ ഒരു കള്ളമാണ്. പോലീസിന്റെ എല്ലാ ചോദ്യത്തിനും അതുവരെ ഒരു സംശയം തോന്നിക്കാത്ത മറുപടിയാണ് ഷാഫി നൽകിയത്. അതുകൊണ്ടുതന്നെ ഒരു തരത്തിലും പോലീസിന് ഇയാളിലേക്ക് എത്താൻ സാധിക്കുമായിരുന്നില്ല. പത്മയെ കാണാതാകുന്ന ദിവസം ഷാഫിയുടെ വാഹനം എവിടെയായിരുന്നു എന്ന് ചോദിച്ചപ്പോൾ മറ്റൊരാൾ കൊണ്ടുപോയി എന്ന കള്ളം ആണ് ഈ അന്വേഷണത്തിൽ വഴിത്തിരിവായി മാറിയത്. ഷാഫി പറഞ്ഞ ആളിനെ പോലീസ് വിളിച്ചു ചോദ്യം ചെയ്തപ്പോൾ അയാൾ വാഹനം കൊണ്ടുപോയിട്ടില്ല എന്ന് പോലീസിനോട് പറഞ്ഞു.
എന്തുകൊണ്ടാണ് മറ്റൊരു വാഹനത്തിൽ തിരുവല്ലയിലേക്ക് പോയത് എന്ന ചോദ്യത്തിന് തന്റെ വാഹനം മറ്റൊരാൾ കൊണ്ടുപോയി എന്നാണ് ഷാഫി നൽകിയ മറുപടി. ഈ മറുപടി ഷാഫിക്ക് കുരുക്കായി മാറുകയായിരുന്നു.പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രത്യേകിച്ച് ഒരു ഭാവ വ്യത്യാസവും ഇല്ലാതെയാണ് ഷാഫി പെരുമാറിയത്. കൊലപ്പെടുത്തിയ രീതി പോലീസിനോട് വിവരിച്ചത് ഭഗവത് സിംഗും ലൈലയും ആണ്. ഒടുവില്‍ ഇത് ഷാഫി സമ്മതിച്ചു.
കുടുംബത്തിന്റെ ഒപ്പമാണ് ഷാഫി ഗാന്ധിനഗറിൽ താമസിച്ചുവന്നിരുന്നത്. 20 വർഷം മുൻപ് ഇടുക്കിയിൽ നിന്ന് നാടുവിട്ട ഇയാൾ ആദ്യം താമസിച്ചിരുന്നത് മൂവാറ്റുപുഴയിലാണ്. അതിനുശേഷം ആണ് പെരുമ്പാവൂരിലേക്ക് എത്തുന്നത്. ഇയാളുടെ ആധാർ കാർഡിൽ പെരുമ്പാവൂരിൽ ഉള്ള വിലാസമാണ് ഉള്ളത്.
ഗാന്ധിനഗറിൽ താമസിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ട പത്മയുമായി ഷാഫി പരിചയപ്പെടുന്നത്. ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നതാണ് ഷാഫിയുടെ രീതി. പ്രധാനമായും റിയൽ എസ്റ്റേറ്റ് , ഹോട്ടൽ ബിസിനസ് , വാഹന വില്പന , എന്നിവ വഴിയാണ് ഷാഫി ധനം സമ്പാദിച്ചിരുന്നത്. ഇയാൾ പെൺവാണിഭവും നടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. വയോധികയെ ബലാത്സംഗം ചെയ്ത കേസിലും ഷാഫി പ്രതിയാണ്.