തട്ടിപ്പിന്റെ ഏറ്റവും പുതിയ വകഭേദം തിരയുന്ന വിരുതന്മാരെ കുറിച്ചുള്ള നിരവധി വാർത്തകൾ ഓരോ ദിവസവും പുറത്തു വരാറുണ്ട്. എന്നാൽ അവരിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനായ ഒരു തട്ടിപ്പുകാരനാണ് നമ്മുടെ കഥാനായകൻ. ഇദ്ദേഹം തന്റെ 65 കാരിയായ കാമുകിയോട് പറഞ്ഞത് താനൊരു ബഹിരാകാശ സഞ്ചാരി ആണെന്നും ഇപ്പോൾ താമസിക്കുന്നത് സ്പേസ് സ്റ്റേഷനിൽ ആണെന്നുമാണ്. ഇങ്ങനെ പറഞ്ഞു ധരിപ്പിച്ച് ഇയാള്‍ ഇവരില്‍ നിന്നും കവര്‍ന്നെടുത്തത് 22 ലക്ഷം രൂപയാണ്.
സമൂഹമാധ്യമം വഴിയാണ് ഈ യുവാവ് 65 കാരിയെ പരിചയപ്പെടുന്നത്. പരിചയപ്പെട്ടപ്പോൾ ഇയാൾ ഇവരെ പറഞ്ഞു ധരിപ്പിച്ചിരുന്നത് താൻ സ്പെയ്സ് സ്റ്റേഷനിലാണ് താമസിക്കുന്നത് എന്നാണ്. ഇതിനെ സാധൂകരിക്കുന്ന നിരവധി ചിത്രങ്ങളും ഇയാൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. 65 കാരി ഇതെല്ലാം വിശ്വസിക്കുയകയും ചെയ്തു. ഇരുവരും തമ്മിലുള്ള ചാറ്റ് പതിവായതോടെ പതിയെ സൗഹൃദം പ്രണയമായി മാറി. ഇര ചൂണ്ടയിൽ കൊത്തിയെന്ന് മനസ്സിലാക്കിയ യുവാവ് അടുത്ത അടവ് പ്രയോഗിച്ചു. ഭൂമിയിലേക്ക് തിരികെ വരണം എന്നും അതിന് 22 ലക്ഷം രൂപ ആവശ്യമാണ് എന്നും ഇയാൾ ഈ സ്ത്രീയെ പറഞ്ഞു ധരിപ്പിച്ചു. ഓഗസ്റ്റ് 19ന് സെപ്റ്റംബർ അഞ്ചിനും ഇടയിൽ ഭൂമിയിൽ ലാൻഡ് ചെയ്യും എന്ന് പറഞ്ഞാണ് യുവാവ് ഇവരിൽ നിന്നും പണം കൈപ്പറ്റിയത്. എന്നാൽ പണം കയ്യില്‍ വന്നതോടെ യുവാവിനെ കുറിച്ച് പിന്നീട് യാതൊരു വിവരവും ഇവർക്ക് ലഭിച്ചില്ല. ഇതോടെയാണ് ചതിവ് പറ്റിയെന്ന് ഇവർ മനസ്സിലാക്കുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. യുവാവ് ഇവർക്ക് നൽകിയ പേരും മറ്റു വിവരങ്ങളും വ്യാജമായിരുന്നതിനാൽ സൈബർ വിദഗ്ധരുടെ സഹായത്തോടെയുള്ള അന്വേഷണത്തില്‍ മാത്രമേ ഇയാളെ കണ്ടെത്താൻ കഴിയൂ എന്ന് പോലീസ് പറയുന്നു.