ജീവിതത്തിൽ കുറച്ചെങ്കിലും സമയം തനിച്ചിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. അത് വ്യക്തി ജീവിതത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ്താനും. എന്നാൽ അമിതമായ ഏകാന്തത ആരോഗ്യത്തിന് വലിയ ദോഷം ചെയ്യും. ഏകാന്തതയിൽ ഭ്രമിച്ചിരിക്കുന്നവരെ കാത്തിരിക്കുന്നത് ഒരുപിടി രോഗങ്ങളാണ് എന്ന് ഗവേഷകർ പറയുന്നു.
ജീവിതശൈലിയും മാനസികാരോഗ്യവും ആയുസിനെയും യുവത്വത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൈനയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഏകാന്തത മനുഷ്യനെ വേഗത്തിൽ വൃദ്ധനാക്കുമെന്ന് അവർ ഏറ്റവും പുതിയ പഠനത്തിലൂടെ കണ്ടെത്തുകയുണ്ടായി. ഗവേഷകർ പറയുന്നതനുസരിച്ച് ഏകാന്തത പുകവലിയെക്കാൾ ദോഷകരാമാണ്.
സമൂഹവുമായി കൂടുതലായി ഇടപഴകാത്തവർക്ക് അകാല മരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാർക്ക് അമിതവണ്ണം മൂലം ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ശാരീരിക പ്രയാസങ്ങളേക്കാൾ രണ്ട് മടങ്ങ് അധികം പ്രയാസമുണ്ടാകുമെന്നും ഗവേഷകർ പറയുന്നു. ഒരു ദിവസം 15 സിഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടമാണ് ഏകാന്തത ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെന്ന് ഗവേഷകർ പറയുന്നു. മാനസിക ആരോഗ്യത്തെ ഏകാന്തത പ്രതികൂലമായി ബാധിക്കും. വളരെ പെട്ടെന്ന് പ്രായമാകാൻ ഇത് കാരണമാകും.
പന്ത്രണ്ടായിരത്തോളം വരുന്ന ചെറുപ്പക്കാരിൽ വളരെ വർഷങ്ങൾ നീണ്ട ഗവേഷണത്തിലും നിരീക്ഷണത്തിനും ഒടുവിലാണ് ഇത്തരം ഒരു നിഗമനത്തിലേക്ക് ശാസ്ത്രലോകം എത്തിയത്. ജീവിതത്തിന് അർത്ഥം ഇല്ലന്നോ, പ്രതീക്ഷകൾ എന്നെന്നേക്കുമായി ഇല്ലാതായെന്നോ ഉള്ള തോന്നലുകളും നഷ്ടബോധവും മനസ്സിന്റെ നിയന്ത്രണം ഇല്ലാതിരിക്കുക എന്നീ കരണങ്ങളെല്ലാം ഒരു വ്യക്തിയെ ഏകാന്തതയിലേക്ക് കൊണ്ടെത്തിക്കും. അതുകൊണ്ട് ഏകാന്തതയിലേക്ക് എത്തിയതിനുള്ള കാരണങ്ങൾ സ്വയം കണ്ടെത്തുക , അല്ലാത്തപക്ഷം ഒരു മനശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. അത് ആരോഗ്യത്തിന് വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്.